നോര്‍ത്ത് സൗണ്ട് (ആന്റിഗ്വ):  ടി ട്വന്റി ലോകകപ്പ് സെമിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വീണ്ടും കാലിടറി. ഫൈനലിലെത്തി ചരിത്രമെഴുതാനൊരുങ്ങിയ ഇന്ത്യയെ ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി. 113 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 17 പന്ത് ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയതീരത്തെത്തുകയായിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പിലും ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടാണ് ഇന്ത്യക്ക് കിരീടം നഷ്ടമായത്.

സ്‌കോര്‍:  ഇന്ത്യ- 112, ഇംഗ്ലണ്ട് 116/2

ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നാല് റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് ഓപ്പണര്‍ ടാമി ബ്യൂമോന്റിനെ നഷ്്ടമായി. മൂന്ന് പന്തില്‍ ഒരു റണ്‍ നേടിയ ബ്യൂമോന്റിനെ രാധാ യാദവ് പുറത്താക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഡാനിയേല വയറ്റും (എട്ട് റണ്‍സ്) പുറത്തായി. ഇതോടെ രണ്ട് വിക്കറ്റിന് 24 റണ്‍സെന്ന നിലയിലായി ഇംഗ്ലണ്ട്. 

പിന്നീട് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ആമി ജോണ്‍സും നഥാലി സ്‌കീവറും ഇംഗ്ലണ്ടിനെ വിജയതീരത്തെത്തിക്കുകയായിരുന്നു. ഇരുവരും മൂന്നാം വിക്കറ്റില്‍ പുറത്താകാതെ 92 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ആമി 47 പന്തില്‍ 53 റണ്‍സടിച്ചപ്പോള്‍ സ്‌കീവര്‍ 38 പന്തില്‍ 52 റണ്‍സെടുത്തു. 

നേരത്തെ 19.3 ഓവറില്‍ ഇന്ത്യയുടെ എല്ലാവരും പുറത്താകുകയായിരുന്നു. മൂന്ന് വിക്കറ്റെടുത്ത ഹീഥര്‍ നൈറ്റും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഗോര്‍ദോനും എക്ലെസ്‌റ്റോണുമാണ് ഇന്ത്യയെ ചെറിയ സ്‌കോറിലൊതുക്കിയത്. 34 റണ്‍സെടുത്ത സ്മൃതി മന്ദാനയൊഴികെ ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും മികച്ച ബാറ്റിങ് പുറത്തെടുക്കാനായില്ല. ആറു ബാറ്റ്‌സ്മാന്‍മാരാണ് രണ്ടക്കം കാണാതെ പുറത്തായത്. 

ഞായറാഴ്ച്ച പുലര്‍ച്ചെ 5.30ന് നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇംഗ്ലണ്ടിന്റെ എതിരാളി. വിന്‍ഡീസ് വനിതകളെ 71 റണ്‍സിന് തോല്‍പ്പിച്ചാണ് ഓസീസ് ഫൈനല്‍ ടിക്കറ്റുറപ്പിച്ചത്. 143 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 73 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. 

Content Highlights: ICC Womens World T20 India lost to England in semi final