പ്രൊവിഡന്‍സ് (ഗയാന): വനിതകളുടെ ആറാമത് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് വെള്ളിയാഴ്ച തുടക്കം. 10 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പ് വെസ്റ്റ് ഇന്‍ഡീസിലാണ് നടക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ന്യൂസീലന്‍ഡിനെ നേരിടും. രാത്രി 8.30 മുതല്‍ ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം.

മുന്‍ ഇന്ത്യന്‍ താരവും സ്പിന്നറുമായിരുന്ന രമേശ് പവാറാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. ഇത്തവണ ആറ് പുതുമുഖങ്ങളെയാണ് പവാര്‍ ടീമിലെടുത്തിരിക്കുന്നത്. ഇന്ത്യയ്ക്ക് ഇതുവരെ വനിതാ ട്വന്റി 20 ലോകകപ്പ് കിരീടം നേടാനായിട്ടില്ല. ഇത്തവണ ആ പരാതി പരിഹരിക്കാനാണ് ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. 36-കാരിയായ മിതാലി രാജ് തൊട്ട് പതിനെട്ടുകാരിയായ ജെമീമ റോഡ്രിഗസ് വരെ പരിചയസമ്പത്തും യുവത്വവും നിറഞ്ഞ ടീമില്‍ ഇക്കുറി വൈവിധ്യമുണ്ട്.

ഹര്‍മന്‍പ്രീത്, മിതാലി രാജ്, സ്മൃതി മന്ഥാന, ജമീമ റോഡ്രിഗസ് എന്നിവരടങ്ങിയ ബാറ്റിങ് നിരയ്ക്ക് ലോകോത്തര നിലവാരമുണ്ട്. ശ്രീലങ്കയ്‌ക്കെതിരേ സമീപകാലത്ത് 4-0ത്തിന് പരമ്പര ജയിച്ചതിന്റെ ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ട്. അതേസമയം, ക്വലാലംപുരില്‍ നടന്ന ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യ, ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു.

ലോകകപ്പ് മുന്നില്‍ക്കണ്ട് പരിശീലകസ്ഥാനം ഏറ്റെടുത്ത പവാര്‍, വനിതകളുടെ സ്പിന്‍ കരുത്ത് ഉപയോഗപ്പെടുത്തുന്നതരത്തിലാകും തന്ത്രങ്ങള്‍ മെനയുക. എന്നാല്‍, ഇന്ത്യയുടെ മികച്ച ബൗളറായ ജുലന്‍ ഗോസ്വാമി ഇപ്പോള്‍ ടീമിലില്ല. പൂനം യാദവ്, ഓള്‍ റൗണ്ടര്‍ ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരാണ് സ്പിന്നര്‍മാരായി ടീമിലുള്ളത്. അരുന്ധതി റെഡ്ഡി, പൂജ വസ്ത്രാകര്‍, മാന്‍ഷി ജോഷി എന്നിവരടങ്ങിയ പേസര്‍മാര്‍ക്ക് മത്സരപരിചയം കുറവാണ്.

ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, പാകിസ്താന്‍, അയര്‍ലന്‍ഡ് എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ. മൂന്നു തവണ ചാമ്പ്യന്‍മാരായ ഓസീസ്, കഴിഞ്ഞ തവണ കിരീടമുയര്‍ത്തിയ വിന്‍ഡീസ് എന്നീ ടീമുകള്‍ മികച്ച ഫോമിലാണ്. എന്നാല്‍ സന്നാഹ മത്സരങ്ങളില്‍ വിന്‍ഡീസിനെയും ഓസ്‌ട്രേലിയയെയും തോല്‍പ്പിച്ച ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ട്. 

ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ടാനിയ ഭാട്ടിയ, ഏക്താ ബിഷ്ത്, ജയാലന്‍ ഹേമലത, മാന്‍സി ജോഷി, വേദ കൃഷ്ണമൂര്‍ത്തി, സ്മൃതി മന്ഥാന, അനുജ പാട്ടീല്‍, മിതാലി രാജ്, അരുന്ധതി റെഡ്ഡി, ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, പൂജാ വസ്ത്രാകാര്‍, രാധാ യാദവ്, പൂനം യാദവ്.

Content Highlights: icc womens world cup t20 starts today