Photo: twitter.com/BCCIWomen
മൗണ്ട് മംഗനുയി (ന്യൂസീലന്‍ഡ്): വനിതാ ലോകകപ്പില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനെയാണ് ഇന്ത്യ തകര്‍ത്തത്. 107 റണ്‍സിന്റെ ആധികാരിക ജയമാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്.
ഇന്ത്യ ഉയര്‍ത്തിയ 245 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന് 43 ഓവറില്‍ വെറും 137 റണ്‍സിന് ഓള്‍ഔട്ടായി. നാലു വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്ക്വാദാണ് പാക് നിരയെ തകര്‍ത്തത്. 10 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങിയാണ് താരം നാലു വിക്കറ്റ് വീഴ്ത്തിയത്. ജുലന് ഗോസ്വാമി, സ്നേഹ് റാണ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
64 പന്തില്‍ മൂന്നു ഫോറുകളടക്കം 30 റണ്‍സെടുത്ത ഓപ്പണര്‍ സിദ്ര അമീനാണ് പാകിസ്താന്റെ ടോപ് സ്കോറര്‍. ജാവേരിയ ഖാന് (11), ക്യാപ്റ്റന്‍ ബിസ്മ മറൂഫ് (15), ഒമൈമ സൊഹൈല്‍ (5), നിദ ദാര്‍ (4), ആലിയ റായാസ് (11) എന്നിവരെല്ലാം തന്നെ നിരാശപ്പെടുത്തു. 24 റണ്‍സെടുത്ത ഡയാന ബയ്ഗ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഫാത്തിമ സന (17), സിദ്ര നവാസ് (12), നഷ്റ സന്ധു (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി സ്മൃതി മന്ദാന, പൂജാ വസ്ത്രാകര്‍, സ്നേഹ് റാണ എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. 40 റണ്‍സെടുത്ത ദീപ്തി ശര്‍മയും മികച്ച ബാറ്റിങ് കാഴ്ചവെച്ചു.
തുടക്കത്തില്‍ ഷഫാലി വര്‍മയെ (0) നഷ്ടമായ ഇന്ത്യയെ രണ്ടാം വിക്കറ്റില്‍ 92 റണ്‍സ് കൂട്ടിച്ചേര്‍ത്ത സ്മൃതി മന്ദാന - ദീപ്തി ശര്‍മ സഖ്യമാണ് ട്രാക്കിലാക്കിയത്. എന്നാല്‍ 21.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യ പിന്നീട് ആറിന് 114 റണ്‍സെന്ന നിലയിലേക്ക് വീണു. എന്നാല്‍ ഏഴാം വിക്കറ്റില്‍ 122 റണ്‍സ് കൂട്ടിച്ചേര്‍ത്ത സ്നേഹ് റാണ - പൂജാ വസ്ത്രാകര്‍ സഖ്യം ടീമിന്റെ രക്ഷകരാകുകയായിരുന്നു.
മന്ദാന 75 പന്തില്‍ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 52 റണ്‍സെടുത്തു. ദീപ്ത് 57 പന്തില്‍ നിന്ന് രണ്ട് ഫോറടക്കം 40 റണ്‍സ് നേടി. 59 പന്തില്‍ എട്ടു ഫോറടക്കം 67 റണ്‍സെടുത്ത പൂജയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. സ്നേഹ് റാണ 48 പന്തില്‍ നാലു ഫോറുകള്‍ സഹിതം 53 റണ്‍സുമായി പുറത്താകാതെ നിന്നു.
Content Highlights: ICC Womens World Cup 2022 India hammered Pakistan by 107 runs in their opening match
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..