ഗയാന: ന്യൂസീലന്‍ഡിനെതിരേ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ സെഞ്ചുറിനേടി ആരാധകഹൃദയം കവര്‍ന്നിരിക്കുകയാണ് ഹര്‍മന്‍ പ്രീത് കൗര്‍. എന്നാല്‍, മത്സരശേഷമുള്ള പത്രസമ്മേളനത്തില്‍ ഹര്‍മന്‍ പ്രീത് വീണ്ടും ഞെട്ടിച്ചു. പുറംവേദനയും വയറുവേദനയും സഹിച്ചായിരുന്നു താന്‍ കളിച്ചിരുന്നതെന്ന് ഹര്‍മന്‍പ്രീത് വെളിപ്പെടുത്തി. 

വേണമെങ്കില്‍ ശീതീകരിച്ച ഡ്രസ്സിങ് റൂമിലിരുന്ന് ഹര്‍മന്‍പ്രീതിന് വിശ്രമിക്കാമായിരുന്നു. എന്നാല്‍ വേദനക്കിടയിലും കളിക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. 

''കളിയുടെ തലേദിവസം പുറവേദനയുണ്ടായിരുന്നു. രാവിലെ എനിക്ക് തീരെ സുഖം തോന്നിയില്ല, ഗ്രൗണ്ടിലെത്തിയപ്പോള്‍ വയറിനുള്ളില്‍ എന്തോ കൊളുത്തിവലിക്കുന്നതുപോലെ തോന്നി, ഇതോടെ ഫിസിയോയുടെ സഹായം തേടി''-ഹര്‍മന്‍ പറഞ്ഞു. 

ഓടി റണ്ണെടുക്കുന്നതിനു പകരം വമ്പന്‍ ഹിറ്റുകള്‍ക്ക് ശ്രമിച്ചിരിന്നുവെന്ന് ഹര്‍മന്‍ പറഞ്ഞു. ''ഓട്ടം കൂടുന്തോറും വയറിന് കൊളുത്തലും കൂടി, ഇതോടെ റണ്‍ ഓടിയെടുക്കന്നതിനേക്കാള്‍ വമ്പന്‍ ഷോട്ടുകള്‍ക്ക് ശ്രമിക്കുന്നതാണ് നല്ലതെന്ന് തോന്നി'' -ഹര്‍മന്‍ വെളിപ്പെടുത്തി.

ഇന്നിങ്സിന്റെ തുടക്കത്തില്‍ വിക്കറ്റിനിടയില്‍ ഓടുമ്പോള്‍ വയറുവേദന കൂടി വന്നു. ഓടി റണ്‍സെടുക്കുക എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞതോടെ ഹര്‍മന്‍പ്രീത് പ്ലാന്‍ മാറ്റി. സ്ട്രൈക്ക് കൈമാറിയാല്‍ താന്‍ കൂറ്റനടികള്‍ക്ക് ശ്രമിക്കാമെന്ന് ക്രീസിലുണ്ടായിരുന്ന ജെമീമ റോഡ്രിഗസിനോട് പറഞ്ഞു. സ്ട്രൈക്ക് ലഭിച്ചപ്പോഴെല്ലാം കൂറ്റനടികളിലൂടെ കൗര്‍ സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കുകയും ചെയ്തു.

ടി ട്വന്റി ലോകകപ്പില്‍ വെള്ളിയാഴ്ച 34 റണ്‍സിനാണ് ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചത്. 51 പന്തില്‍ 103 റണ്‍സടിച്ച ഹര്‍മന്‍ പ്രീതിന്റെ ഇന്നിങ്സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. ഇന്ത്യയുയര്‍ത്തിയ 195 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കിവീസിന് 160 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യന്‍ ബൗളിങ്ങില്‍ ദയാലന്‍ ഹേമലതയും പൂനം യാദവും മൂന്നുവീതം വിക്കറ്റെടുത്തു.

Content Highlights: ICC Women’s World T20 India salutes Harmanpreet Kaur after masterpiece innings