ദുബായ്: ട്വന്റി-20 വനിതാ ലോകകപ്പിന് ശേഷം വന്ന ട്വന്റി-20 റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് മൂന്നു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം റാങ്കിലെത്തി. ഇന്ത്യന്‍ താരത്തിന്റെ കരിയറിലെ മികച്ച നേട്ടമാണിത്.

യുവതാരം ജെമീമ റോഡ്രിഗസ് ഒമ്പതു സ്ഥാനം മെച്ചപ്പെടുത്തി ആറാം റാങ്കിലും സ്മൃതി മന്ദാന ഏഴു സ്ഥാനം മെച്ചപ്പെടുത്തി പത്താം റാങ്കിലുമെത്തി. ഇരുവരുടെയും കരിയറിലെ ഉയര്‍ന്ന റാങ്കാണിത്. രണ്ട് സ്ഥാനം താഴേക്കിറങ്ങിയെങ്കിലും മിതാലി ഒമ്പതാം സ്ഥാനത്തുണ്ട്. ന്യൂസീലന്‍ഡിന്റെ സുസ്ലെ ബാറ്റ്സാണ് ഒന്നാം റാങ്കിങ്ങില്‍. 

ബൗളിങ് റാങ്കിങ്ങില്‍ ഓസ്ട്രേലിയയുടെ മെഗന്‍ ഷൂത്ത് ഒന്നാം റാങ്കും ഇന്ത്യയുടെ പൂനം യാദവ് രണ്ടാം റാങ്കും നിലനിര്‍ത്തി. ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരവും പൂനം യാദവാണ്. ന്യൂസീലന്‍ഡിന്റെ ലീ കാസ്പെറേക്ക് ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാമതെത്തി. ഓള്‍റൗണ്ടര്‍മാരില്‍ വിന്‍ഡീസ് താരങ്ങളായ സ്റ്റെഫാനീ ടെയ്ലറും ഡീന്‍ഡ്ര ഡോട്ടിനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 

ടീം റാങ്കിംഗില്‍ ലോകകപ്പുയര്‍ത്തിയ ഓസ്ട്രേലിയയാണ്(283 പോയിന്റ്) ഒന്നാമത്. റണ്ണറപ്പുകളായ ഇംഗ്ലണ്ട്(274 പോയിന്റ്) ന്യൂസീലന്‍ഡീനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. ഒരു പോയിന്റ് മാത്രം പിന്നിലുള്ള ന്യൂസീലന്‍ഡാണ് മൂന്നാമത്. വിന്‍ഡീസ്(265 പോയിന്റ്) നാലാം സ്ഥാനത്തും ഇന്ത്യ(256 പോയിന്റ്) ആറാമതുമാണ്.

Content Highlights: ICC Women’s T20I Rankings Harmanpreet Kaur climbs to third after World T20