-
മെല്‍ബണ്‍: ഏഴാമത് വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് വെള്ളിയാഴ്ച ഓസ്ട്രേലിയയില്‍ തുടക്കം. സിഡ്നിയില്‍ ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തോടെ ടൂര്‍ണമെന്റിന് തുടക്കമാകും. ഇന്ത്യയടക്കം പത്തു രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പിന്റെ ഫൈനല്‍ മാര്‍ച്ച് എട്ടിന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍.
അഞ്ചു ടീമുകളടങ്ങിയ രണ്ടു ഗ്രൂപ്പുകളായാണ് പ്രാഥമിക മത്സരം. കൂടുതല്‍ പോയന്റ് ലഭിക്കുന്ന നാലു ടീമുകള്‍ സെമിഫൈനലിലെത്തും.
റാങ്കിങ്ങില്‍ ആദ്യ എട്ടു സ്ഥാനങ്ങളിലുള്ള ടീമുകള്‍ ലോകകപ്പിന് നേരിട്ട് യോഗ്യതനേടിയപ്പോള്‍ ബംഗ്ലാദേശ്, തായ്ലാന്‍ഡ് ടീമുകള്‍ യോഗ്യതാ മത്സരം കളിച്ച് ടൂര്‍ണമെന്റിനെത്തുന്നു. തായ്‌ലന്‍ഡിന് ആദ്യ ലോകകപ്പാണിത്.
ഓസീസ് ആധിപത്യം
2009-ലാണ് വനിതകളുടെ ട്വന്റി 20 ലോകകപ്പ് തുടങ്ങിയത്. കഴിഞ്ഞ അഞ്ചു ലോകകപ്പിലും ഓസ്ട്രേലിയ ഫൈനലില്‍ ഉണ്ടായിരുന്നു. അതില്‍ നാലുവട്ടം ചാമ്പ്യന്‍മാരായി. 2018-ല്‍ വെസ്റ്റിന്‍ഡീസില്‍നടന്ന ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഓസ്ട്രേലിയ കിരീടം നേടിയത്. ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും ഓരോ തവണ ജേതാക്കളായി.
ഇന്ത്യയ്ക്ക് സെമി
പുരുഷവിഭാഗത്തില്‍ പ്രഥമ ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യയ്ക്ക്, വനിതകളില്‍ സെമിഫൈനലിനപ്പുറമെത്താന്‍ കഴിഞ്ഞിട്ടില്ല. 2009, 2010, 2018 വര്‍ഷങ്ങളില്‍ സെമിഫൈനലില്‍ തോറ്റുമടങ്ങി.
നയിക്കാന്‍ ഹര്‍മന്‍പ്രീത്
പഞ്ചാബുകാരിയായ ഓള്‍റൗണ്ടര്‍ ഹര്‍മന്‍പ്രീത് കൗറാണ് ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. 2009-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചുതുടങ്ങിയ ഹര്‍മന്‍പ്രീത്, ട്വന്റി 20 ബാറ്റിങ്ങിലെ ലോകറാങ്കിങ്ങില്‍ ഒന്‍പതാം സ്ഥാനത്തുണ്ട്. ട്വന്റി 20-യില്‍ ഒരു സെഞ്ചുറിയും ആറ് അര്‍ധസെഞ്ചുറിയും നേടി. ബാറ്റിങ്ങില്‍ നാലാം റാങ്കിലുള്ള സ്മൃതി മന്ഥാന, ഏഴാമതുള്ള ജെമീമ റോഡ്രിഗസ് എന്നിവരും ഇന്ത്യയ്ക്ക് കരുത്തുകൂട്ടുന്നു. റാങ്കിങ്ങില്‍ മുന്നിലുള്ള രാധ യാദവും ദീപ്തി ശര്‍മയും ബൗളിങ്ങില്‍ പ്രതീക്ഷയേകുന്നു. വനിതാ ക്രിക്കറ്റിലെ തലയെടുപ്പുള്ള താരങ്ങളിലൊരാളായ മിതാലി രാജ് ടീമിലില്ല.
നോബോളിന് തേര്‍ഡ് അമ്പയര്‍
ഫ്രണ്ട് ഫുട്ട് നോബോള്‍ കണ്ടെത്താന്‍ സാങ്കേതിക വിദ്യയുടെ സഹായം തേടുന്ന ആദ്യ വനിതാ ലോകകപ്പാണിത്. ടെക്നോളജിയുടെ സഹായത്തോടെ നോബോള്‍ തിരിച്ചറിഞ്ഞാല്‍, തേര്‍ഡ് അമ്പയര്‍ ആയിരിക്കും നോബോള്‍ വിളിക്കുക.
അമ്പയറായി നിതിന്‍ മേനോന്‍
ലോകകപ്പ് നിയന്ത്രിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട 12 അമ്പയര്‍മാരില്‍ ഒരു ഇന്ത്യക്കാരനുണ്ട്. മധ്യപ്രദേശ് സ്വദേശിയും മുന്‍ ക്രിക്കറ്ററുമായ നിതിന്‍ മേനോന്‍. മാച്ച് റഫറിയായി ആന്ധ്രയില്‍നിന്നുള്ള ജി.എസ്. ലക്ഷ്മിയുമുണ്ട്. മുന്‍ താരവും പരിശീലകയുമായ ലക്ഷ്മി, അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി.) പാനലിലെത്തുന്ന ആദ്യ വനിതാ മാച്ച് റഫറി കൂടിയാണ്.
Content Highlights: ICC Women’s T20 World Cup 2020 starts
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..