ലണ്ടന്‍:  ലോകകപ്പ് ക്രിക്കറ്റിലെ മിന്നുപ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ താരം ഹര്‍മന്‍പ്രീത് കൗറിന് ഐ.സി.സി റാങ്കിങ്ങില്‍ മുന്നേറ്റം. ചൊവ്വാഴ്ച്ച പുറത്തുവിട്ട റാങ്കിങ്ങില്‍ ഏഴു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പഞ്ചാബ് താരം ആറാം റാങ്കിലെത്തി. ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ നേടിയ സെഞ്ചുറിയാണ് ഹര്‍മന് റാങ്കിങ്ങില്‍ നേട്ടമായത്. 

ആദ്യ പത്തിനുള്ളില്‍ ഹര്‍മനെക്കൂടാതെ ഇന്ത്യയുടെ ക്യാപ്റ്റന്‍ മിതാലി രാജുമുണ്ട്. ഓസ്‌ട്രേലിയയുടെ മെഗ് ലാനിങിന് പിന്നില്‍ 10 പോയിന്റിന്റെ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. മൂന്നാം സ്ഥാനത്ത് ഓസീസിന്റെ തന്നെ എലിസ് പെരിയാണ്. മിതാലിയേക്കാള്‍ 12 പോയിന്റ് പിന്നില്‍.

ഹര്‍മനെക്കൂടാതെ ഫൈനലില്‍ 86 റണ്‍സ് നേടിയ പൂനം റാത്തവും റാങ്കിങ്ങില്‍ മുന്നേറ്റം നടത്തി. അഞ്ച് സ്ഥാനം കയറി 14-ാം റാങ്കിലാണ് പൂനം. 33 റാങ്കിലായിരുന്ന വേദ കൃഷ്ണമൂര്‍ത്തി തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങായ 26-ാം സ്ഥാനത്തെത്തി.

ബൗളര്‍മാരില്‍ ജുലന്‍ ഗോസ്വാമി നേട്ടമുണ്ടാക്കി. നാല് പോയിന്റ് മുന്നില്‍ കയറിയ ജുലന്‍ ലോക രണ്ടാം നമ്പര്‍ ബൗളറാണ്. ഒന്നാമതുള്ള ദക്ഷിണാഫ്രിക്കന്‍ താരം മരിസാനെ കാപ്പിനെക്കാള്‍ നാല് പോയിന്റ് വ്യത്യാസത്തില്‍. ഫൈനലില്‍ മൂന്നും സെമിയില്‍ രണ്ടും വിക്കറ്റ് നേടിയതാണ് ജുലനെ രണ്ടാം റാങ്കിലെത്തിച്ചത്.