ന്യൂഡല്‍ഹി: വലിയ വരുമാനമുണ്ടാക്കാന്‍ സാധിക്കുമെന്നതിനാല്‍ ട്വന്റി 20 ലോകകപ്പ് നടത്താന്‍ ഐ.സി.സി തങ്ങളുടെ പരമാവധി ശ്രമിക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.

ബി.സി.സി.ഐക്ക് ഐ.പി.എല്‍ എന്നപോലെ തന്നെ പ്രധാനമാണ് ഐ.സി.സിക്ക് ട്വന്റി 20 ലോകകപ്പെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.

ലോകകപ്പിന്റെ ഭാവി സംബന്ധിച്ച് ഐ.സി.സി ഇതുവരെയും ഒരു തീരുമാനം എടുത്തിട്ടില്ലെന്നും ബി.സി.സി.ഐ അതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എങ്കില്‍ മാത്രമേ ബി.സി.സി.ഐക്ക് ഐ.പി.എല്ലിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ എന്നും ഗാംഗുലി ചൂണ്ടിക്കാട്ടി. ലോകകപ്പ് മാറ്റിവെയ്ക്കുകയാണെങ്കില്‍ ഒക്ടോബര്‍ - നവംബര്‍ വിന്‍ഡോയില്‍ ഐ.പി.എല്‍ നടത്താനാണ് ബോര്‍ഡ് ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതോടൊപ്പം ഈ വര്‍ഷം അവസാനം നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം നടക്കുമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

Content Highlights: ICC will try their best to host T20 World Cup Sourav Ganguly