
Photo: AP
ദുബായ്: 2021-ല്‍ മികച്ച പ്രകടനം പുറത്തെടുത്ത ക്രിക്കറ്റ് താരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ലോക ഇലവനെ പ്രഖ്യാപിച്ച് ഐ.സി.സി. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത 11 താരങ്ങള്‍ ടീമിലിടം നേടി.
ഒരു ഇന്ത്യന്‍ താരത്തിന് പോലും ടീമിലിടം നേടാനായില്ല എന്നതാണ് ശ്രദ്ധേയം. പാകിസ്താന് നായകന് ബാബര്‍ അസമാണ് ലോക ഇലവനെ നയിക്കുന്നത്.
ഇംഗ്ലണ്ടിന്റെ ജോസ് ബട്ലറും പാകിസ്താന്റെ മുഹമ്മദ് റിസ്വാനുമാണ് ഓപ്പണര്‍മാര്‍. വിക്കറ്റ് കീപ്പറും റിസ്വാനാണ്. മൂന്നാമനായി നായകന് ബാബറും നാലാമനായി ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രവും ഇടം നേടി. ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ എന്നിവരാണ് മറ്റ് ബാറ്റര്‍മാര്‍.
തബ്റൈസ് ഷംസി (ദക്ഷിണാഫ്രിക്ക), ജോഷ് ഹെയ്സല്‍വുഡ് (ഓസ്ട്രേലിയ), വാനിന്ദു ഹസരംഗ (ശ്രീലങ്ക), മുസ്താഫിസുര്‍ റഹ്മാന് (ബംഗ്ലാദേശ്), ഷഹീന് അഫ്രീദി (പാകിസ്താന്) എന്നിവര്‍ ബൗളിങ് വിഭാഗത്തില്‍ അണിനിരക്കും.
പാകിസ്താനില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും മൂന്ന് താരങ്ങള്‍ വീതം ലോക ഇലവനില്‍ ഉള്‍പ്പെട്ടു. ഓസ്ട്രേലിയയില്‍ നിന്ന് രണ്ടും ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് ഓരോരുത്തരും ടീമില്‍ ഇടം നേടി.
ഇന്ത്യയെക്കൂടാതെ ന്യൂസീലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയ ശക്തരായ ടീമുകളില്‍ നിന്ന് ഒരു താരം പോലും ലോക ഇലവനില്‍ ഇടം നേടിയില്ല.
Content Highlights: ICC twenty 20 cricket team of the year 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..