ദുബായ്: ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പിന്തള്ളി രോഹിത് ശര്‍മ. രോഹിത് അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ മോശം ഫോം തുടരുന്ന കോലി ആറാം സ്ഥാനത്തേക്ക് വീണു.

ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റില്‍ നിന്ന് രോഹിത് 230 റണ്‍സ് നേടിയപ്പോള്‍ കോലിക്ക് നേടാനായത് വെറും 124 റണ്‍സ് മാത്രമാണ്. കരിയറില്‍ ഇതാദ്യമായാണ് രോഹിത് ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യ അഞ്ചിലെത്തുന്നത്. 

916 റേറ്റിങ് പോയന്റുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെ (901) പിന്തള്ളി ഒന്നാം സ്ഥാനം പിടിച്ചു. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇതാദ്യമായാണ് റൂട്ട് ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്. ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ മൂന്ന് സെഞ്ചുറികള്‍ നേടിയ പ്രകടനമാണ് റൂട്ടിനെ തുണച്ചത്. 

891 റേറ്റിങ് പോയന്റുമായി ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് മൂന്നാം സ്ഥാനത്ത് തുടരുന്നു. 878 റേറ്റിങ് പോയന്റുമായി ഓസീസിന്റെ തന്നെ മാര്‍നസ് ലബുഷെയ്‌നാണ് നാലാം സ്ഥാനത്ത്. 

അഞ്ചാമതുള്ള രോഹിത്തിന് 773 റേറ്റിങ് പോയന്റാണുള്ളത്. കോലിക്ക് 766 പോയന്റും. 

പാകിസ്താന്‍ താരം ബാബര്‍ അസം, ഓസീസ് താരം ഡേവിഡ് വാര്‍ണര്‍, ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡിക്കോക്ക്, ന്യൂസീലന്‍ഡ് താരം ഹെന്‍ റി നിക്കോള്‍സ് എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് താരങ്ങള്‍.

Content Highlights: ICC Test Rankings Rohit Sharma overtakes Virat Kohli