ദുബായ്: ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങില്‍ നേട്ടം കൈവരിച്ച് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരായ ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും. ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ പൂജാര ആറാം സ്ഥാനത്തേക്കുയര്‍ന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മികച്ച പ്രകടനമാണ് പൂജാരയ്ക്ക് തുണയായത്.

നിലവില്‍ 760 പോയന്റാണ് താരത്തിനുള്ളത്. ഇതിനുമുന്‍പ് ഏഴാം സ്ഥാനത്തായിരുന്നു പൂജാര. രഹാനെ നിലവില്‍ എട്ടാം സ്ഥാനത്തെത്തി. ഒന്‍പതാം സ്ഥാനത്തുണ്ടായിരുന്ന താരം ബെന്‍ സ്‌റ്റോക്‌സിനെ മറികടന്നാണ് എട്ടാമതെത്തിയത്. 748 പോയന്റാണ് താരത്തിനുള്ളത്.

ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസണാണ് ഒന്നാമത്. 919 പോയന്റാണ് താരത്തിനുള്ളത്. ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് രണ്ടാമതും മാര്‍നസ് ലബൂഷെയ്ന്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ഇന്ത്യയുടെ നായകന്‍ വിരാട് കോലിയാണ് നാലാമത്. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നു.

ബൗളര്‍മാരുടെ പട്ടികയില്‍ രവിചന്ദ്ര അശ്വിന്‍ എട്ടാമതും ജസ്പ്രീത് ബുംറ ഒന്‍പതാം സ്ഥാനത്തും നില്‍ക്കുന്നു. ശ്രീലങ്കയ്‌ക്കെതിരായി മികച്ച പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാമതെത്തി. 908 പോയന്റുകളോടെ ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ് പട്ടികയില്‍ ഒന്നാമത്. 

Content Highlights: ICC Test Rankings Pujara climbs to sixth spot, Rahane moves to eighth place