ദുബായ്: ഐ.സി.സി പുറത്തുവിട്ട ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ കരിയറിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ പ്രകടനത്തിന്റെ മികവില്‍ താരം ടെസ്റ്റ് റാങ്കിങ്ങില്‍ 13-ാം സ്ഥാനത്തെത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരില്‍ നിലവിലെ ഏറ്റവും ഉയര്‍ന്ന റാങ്കാണ് പന്ത് സ്വന്തമാക്കിയത്. 

13-ാം സ്ഥാനത്തുള്ള പന്താണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഒന്നാമത്. രണ്ടാമതുള്ള സൗത്ത് ആഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്ക് 15-ാം സ്ഥാനത്താണുള്ളത്. പന്തിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമാണിത്. 

പന്തിനെപ്പോലെ വലിയൊരു കുതിച്ചുചാട്ടം നടത്തിയ മറ്റൊരു താരമാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ഇരട്ട സെഞ്ചുറി നേടിയതോടെ ആറുസ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി റൂട്ട് പട്ടികയില്‍ അഞ്ചാമതെത്തി. 783 പോയന്റാണ് താരത്തിനുള്ളത്. 

ആദ്യ പത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന കോലി നാലാം സ്ഥാനത്തേക്കും ഏഴാം സ്ഥാനത്തുണ്ടായിരുന്ന അജിങ്ക്യ രഹാനെ ഒന്‍പതാം സ്ഥാനത്തേക്കും വീണു. ഒരു സ്ഥാനം മെച്ചപ്പെടുത്തി ചേതേശ്വര്‍ പൂജാര റാങ്കിങ്ങിൽ എഴാം സ്ഥാനത്തെത്തി. 919 പോയന്റുമായി ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണാണ് പട്ടികയില്‍ ഒന്നാമത്. ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് രണ്ടാമതും മാര്‍നസ് ലബുഷെയ്ന്‍ മൂന്നാമതും നില്‍ക്കുന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരേ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്‍ 68-ാം സ്ഥാനത്തുനിന്നും 47-ാം റാങ്കിലെത്തി. ബൗളര്‍മാരുടെ പട്ടികയില്‍ മുഹമ്മദ് സിറാജ് 45-ല്‍ നിന്നും 32-ലും എത്തി. 

ബൗളര്‍മാരുടെ പട്ടികയില്‍ ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ് ഒന്നാമത്. ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി. എട്ടാം സ്ഥാനത്ത് അശ്വിനും ഒന്‍പതാം സ്ഥാനത്ത് ജസ്പ്രീത് ബുംറയും നില്‍ക്കുന്നു. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജ മൂന്നാമതും അശ്വിന്‍ ആറാമതുമാണ്.

Content Highlights: ICC Test rankings: Pant becomes top-ranked wicket-keeper in batting list