ദുബായ്: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ ഇംഗ്ലീഷ് താരം ബെന്‍ സ്‌റ്റോക്ക്‌സ് ഐ.സി.സി ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമത്. വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറെ മറികടന്നാണ് സ്‌റ്റോക്ക്‌സ് ഒന്നാമതെത്തിയത്.

വിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 176 റണ്‍സെടുത്ത സ്‌റ്റോക്ക്‌സ് രണ്ടാം ഇന്നിങ്‌സില്‍ 57 പന്തില്‍ നിന്ന് 78 റണ്‍സടിച്ച് തട്ടുപൊളിപ്പന്‍ ഇന്നിങ്‌സും പുറത്തെടുത്തിരുന്നു. രണ്ട് ഇന്നിങ്‌സിലുമായി മൂന്നു വിക്കറ്റും താരം വീഴ്ത്തി. 

മുന്‍ നായകന്‍ ആന്‍ഡ്രു ഫ്ളിന്റോഫിനു ശേഷം ടെസ്റ്റില്‍ ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങില്‍ ഒന്നാമതെത്തുന്ന ആദ്യത്തെ ഇംഗ്ലീഷ് താരം കൂടിയാണ് സ്‌റ്റോക്ക്‌സ്. 

ഒന്നാം സ്ഥാനത്ത് സ്‌റ്റോക്ക്‌സിന് 497 പോയന്റാണുള്ളത്. രണ്ടാമതുള്ള ഹോള്‍ഡറിന് 459 പോയന്റും. ഒന്നാം സ്ഥാനത്ത് ഹോള്‍ഡറേക്കാള്‍ 38 പോയന്റുകള്‍ക്ക് മുന്നിലാണ് സ്‌റ്റോക്ക്‌സ്. ഇന്ത്യയുടെ രവീന്ദ്ര ജഡേജ, ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക്, ഇന്ത്യയുടെ തന്നെ ആര്‍. അശ്വിന്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഇതോടൊപ്പം ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങിലും സ്‌റ്റോക്ക്‌സ് നേട്ടമുണ്ടാക്കി. ആറു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അദ്ദേഹം നിലവില്‍ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനും ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കും പിന്നില്‍ മൂന്നാമതാണ്.

ഇംഗ്ലണ്ട് 113 റണ്‍സിന് വിജയിച്ച രണ്ടാം ടെസ്റ്റിലെ താരവും സ്റ്റോക്ക്‌സ് തന്നെയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി ഓപ്പണ്‍ ചെയ്തതും സ്റ്റോക്ക്‌സ് തന്നെ.

Content Highlights: ICC Test rankings Ben Stokes overtakes Jason Holder to become No.1 all-rounder