ദുബായ്: വിശാഖപട്ടണത്ത് നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെ ഐ.സി.സി റാങ്കിങ്ങിലും കുതിപ്പുമായി സ്പിന്‍ ബൗളര്‍ ആര്‍.അശ്വിന്‍. ടെസ്റ്റ് റാങ്കിങ്ങിലെ ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തിനുള്ളില്‍ അശ്വിന്‍ തിരിച്ചെത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ എട്ടു വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 350 വിക്കറ്റ് നേടിയ മുരളീധരന്റൈ റെക്കോഡിനൊപ്പമെത്താനും അശ്വിന് കഴിഞ്ഞിരുന്നു. 

രണ്ടാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി രണ്ട് സ്ഥാനം മെച്ചപ്പെടുത്തി 16-ാം റാങ്കിലെത്തി. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. വിശാഖപട്ടണത്ത് 70 റണ്‍സും ആറു വിക്കറ്റും ജഡേജ നേടിയിരുന്നു.

അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് തിരിച്ചടിയേറ്റു. ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ കോലിയുടെ റാങ്കിങ് പോയിന്റ് 900-ത്തിന് താഴെയെത്തി. 899 ആണ് കോലിയുടെ ഇപ്പോഴത്തെ പോയിന്റ്. അതേസമയം ഓപ്പണറായി അരങ്ങേറി മികച്ച പ്രകടനം പുറത്തെടുത്ത രോഹിത് ശര്‍മ്മ റാങ്കിങ്ങില്‍ വന്‍ മുന്നേറ്റം നടത്തി. 36 റാങ്ക് മെച്ചപ്പെടുത്തി രോഹിത് 17-ാം സ്ഥാനത്തേക്കുയര്‍ന്നു. 

Content Highlights: ICC Test Ranking Cricket Virat Kohli R Ashwin