ദുബായ്: ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ സ്പിന്‍ ബൗളര്‍മാര്‍ക്ക് മുന്നേറ്റം. ബൗളര്‍മാരുടെ പട്ടികയില്‍ ആര്‍.അശ്വിനും രവീന്ദ്ര ജഡേജയും ഒന്നാം സ്ഥാനം പങ്കിട്ടു. ഇത് ആദ്യമായാണ് രണ്ട് സ്പിന്‍ ബൗളര്‍മാര്‍ ഒന്നാം സ്ഥാനത്ത് ഒരുമിച്ചെത്തുന്നത്.

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഏഴു വിക്കറ്റുകള്‍ വീഴ്ത്തിയതാണ് ജഡേയെ റാങ്കിങ്ങില്‍ മുന്നേറാന്‍ സാധിച്ചത്. പ്രത്യേകിച്ച് ആദ്യ ഇന്നിങ്‌സില്‍ 63 റണ്‍സ് വഴങ്ങി വീഴ്ത്തിയ ആറു വിക്കറ്റുകള്‍. 2008ല്‍ ഡെയ്ല്‍ സ്റ്റെയ്‌നും മുത്തയ്യ മുരളീധരും ഒന്നാം റാങ്ക് പങ്കിട്ടിരുന്നു. അതിനു ശേഷം ആദ്യമായാണ് രണ്ട് ബൗളര്‍മാര്‍ ഒന്നാമതെത്തുന്നത്.

ബെംഗളൂരു ടെസ്റ്റില്‍ എട്ടു വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ ബിഷന്‍ ബേദിയുടെ 266 വിക്കറ്റെന്ന നേട്ടം മറികടന്നിരുന്നു. കൂടാതെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബൗളറായി അശ്വിന്‍ മാറുകയും ചെയ്തു. 269 വിക്കറ്റുകളാണ് അശ്വിന്റെ അക്കൗണ്ടിലുള്ളത്.

ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ കോലി മൂന്നാമതാണ്. കോലിയെ മറികടന്ന് ജോ റൂട്ട് രണ്ടാമതെത്തി. ഇരുവരും തമ്മില്‍ ഒരു പോയിന്റിന്റെ വ്യത്യാസമാണുള്ളത്. പരമ്പരയില്‍ 40 റണ്‍സ് മാത്രമെടുത്ത കോലിയുടെ ബാറ്റിങ് പ്രകടനം മോശമായിരുന്നു. സ്റ്റീവ് സ്മിത്താണ് ഒന്നാമത്. 

ബെംഗളൂരില്‍ 92 റണ്‍സടിച്ച ചേതേശ്വര്‍ പൂജാര അഞ്ച് സ്ഥാനം മുന്നില്‍ കയറി ആറാം റാങ്കിലെത്തി. രണ്ട് സ്ഥാനം മുന്നില്‍ കയറിയ അജിങ്ക്യെ രഹാനെ 15ാമതെത്തി. 23 സ്ഥാനം മുന്നിലെത്തിയ ലോകേഷ് രാഹുല്‍ 23ാമതെത്തി.