ദുബായ്: ഇന്ത്യയെ മറികടന്ന് ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങില്‍ പാകിസ്താന്‍ ഒന്നാമത്. ചരിത്രത്തില്‍ ആദ്യമായാണ് പാകിസ്താന്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.
വെസ്റ്റിന്‍ഡീസും ഇന്ത്യയും തമ്മിലുള്ള ട്രിനിഡാഡ് ടെസ്റ്റ് മഴ മൂലം ഉപേക്ഷിച്ചതോടെയാണ് പാകിസ്താന്‍ ഒന്നാം റാങ്കിലെത്തിയത്. പാകിസ്താന് 111 റെയ്റ്റിങും ഇന്ത്യക്ക് 110 റെയ്റ്റിങ്ങുമാണുള്ളത്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 2-2ന് സമനില നേടിയ പാകിസ്താന്‍ കഴിഞ്ഞ ആഴ്ച്ച റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ശ്രീലങ്കക്കെതിരെ ഓസ്‌ട്രേലിയ 3-0ത്തിന് തകര്‍ന്നടിഞ്ഞതും പാകിസ്താനെ രണ്ടാം റാങ്കിലെത്താന്‍ സഹായിച്ചു.
വിന്‍ഡീസിനെതിരെ 2-0ത്തിന് മുന്നിലായിരുന്ന ഇന്ത്യ കഴിഞ്ഞ ആഴ്ച്ച വരെ ഒന്നാം റാങ്കിലായിരുന്നു. എന്നാല്‍ അവസാന ടെസ്റ്റ് മഴ മൂലം ഉപേക്ഷിച്ചതോടെ ഇന്ത്യ ഒരു റാങ്ക് താഴോട്ട് പോയി.
2014 ആഗസ്തിന് ശേഷം ഒരൊറ്റ ടെസ്റ്റ് പരമ്പരയിലും പാകിസ്താന്‍ പരാജയപ്പെട്ടിട്ടില്ല. ഇംഗ്ലണ്ടിനെതിരായ സമനിലക്ക് പുറമെ ശ്രീലങ്കയെ 2-1നും ബംഗ്ലാദേശിനെ 1-0ത്തിനും ഓസ്‌ട്രേലിയയെ 2-0ത്തിനും പാകിസ്താന്‍ പരാജയപ്പെടുത്തിയിരുന്നു. ആറാം റാങ്കിലായിരുന്ന പാകിസ്താനെ ഒന്നാം റാങ്കിലെത്താന്‍ ഈ വിജയങ്ങളാണ് തുണച്ചത്.
റാങ്കിങ്ങില്‍ ഒന്നാമതുള്ള ഒരു ടീമിന്റെ ക്യാപ്റ്റനായതില്‍ അഭിമാനമുണ്ടെന്നും ഇതു പോലെ മികച്ച പ്രകടനം തുടരാനുള്ള ശ്രമങ്ങളാണ് ടീമിന്റെ ഭാഗത്ത് നിന്നുണ്ടാവുകയെന്നും മിസ്ബാ ഉല്‍ ഹഖ് പറഞ്ഞു.
''ടീം വര്‍ക്കിന്റെ വിജയമാണിത്. ഇത് നേടാനായി സഹകരിച്ച എല്ലാ കളിക്കാരെയും സപ്പോര്‍ട്ടിങ് സ്റ്റാഫിനെയും മാനേജ്‌മെന്റിനെയും പരിശീലകനെയും അഭിനന്ദിക്കുന്നു.'' മിസ്ബാഹുല്‍ ഹഖ് വ്യക്തമാക്കി.