ദുബായ്: ഐ.സി.സി പുറത്തുവിട്ട ഏറ്റവും പുതിയ ട്വന്റി 20 റാങ്കിങ് പട്ടികയില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ കോലി നാലാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് കോലി അഞ്ചാം സ്ഥാനത്തുനിന്നും നാലാം സ്ഥാനത്തേക്കെത്തിയത്. 

എന്നാല്‍ മറ്റൊരു ഇന്ത്യന്‍ താരമായ കെ.എല്‍.രാഹുല്‍ അഞ്ചാം റാങ്കിലേക്ക് വീണു. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനാണ് പട്ടികയില്‍ ഒന്നാമത്. ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് രണ്ടാമതും പാകിസ്താന്റെ ബാബര്‍ അസം മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ട്വന്റി 20 ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ സ്ഥാനം നേടാന്‍ ഒരു ഇന്ത്യന്‍ താരത്തിന് പോലും കഴിഞ്ഞില്ല. സൗത്ത് ആഫ്രിക്കയുടെ തബ്രൈസ് ഷംസി ഒന്നാമതും അഫ്ഗാനിസ്താന്റെ റാഷിദ് ഖാന്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

ഏകദിനത്തിലെ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ വിരാട് കോലി ഒന്നാം സ്ഥാനത്തുതന്നെ തുടരുന്നു. എന്നാല്‍ രോഹിത് ശര്‍മ ഒരു സ്ഥാനം പുറകിലേക്ക് പോയി മൂന്നാമതായി. രോഹിതിനെ മറികടന്ന് പാക് താരം ബാബര്‍ അസം രണ്ടാം സ്ഥാനത്തെത്തി. ബൗളര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറ മാത്രമാണ് ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി. ന്യൂസീലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടാണ് പട്ടികയില്‍ ഒന്നാമത്. 

Content Highlights: ICC T20I Rankings: Kohli moves to fourth spot