ദുബായ്: ഐ.സി.സി പുറത്തുവിട്ട ട്വന്റി 20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒരു സ്ഥാനം നഷ്ടപ്പെടുത്തി പത്താം സ്ഥാനത്തായി. നേരത്തെ ഒമ്പതാം റാങ്കിലായിരുന്ന കോലിയെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനാണ് മറികടന്നത്.

അതേസമയം കെ.എല്‍ രാഹുല്‍ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ഇതിനൊപ്പം ഒന്നാം റാങ്കിലുള്ള പാകിസ്താന്‍ താരം ബാബര്‍ അസമുമായുള്ള അകലം കുറയ്ക്കാനും രാഹുലിനായി.

879 പോയന്റോടെയാണ് ബാബര്‍ അസം റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. രണ്ടാമതുള്ള രാഹുലിന് 823 പോയന്റാണുള്ളത്.

ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ മികച്ച ഫോമിലായിരുന്നു രാഹുല്‍. അഞ്ച് മത്സരങ്ങളില്‍ നിന്ന് 224 റണ്‍സാണ് താരം നേടിയത്. റാങ്കിങ്ങില്‍ രാഹുലും കോലിയും മാത്രമാണ് ആദ്യ പത്തിലുള്ളത്. രോഹിത് ശര്‍മ 11-ാം റാങ്കിലാണ്.

Content Highlights: ICC T20I Rankings KL Rahul closes on table topper Virat Kohli drops