ദുബായ്: 2022 ട്വന്റി 20 ലോകകപ്പിന്റെ മത്സരക്രമം ജനുവരി 21 ന് പുറത്തുവിടും. അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സിയാണ് ഇക്കാര്യം അറിയിച്ചത്. 2022 ട്വന്റി 20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ വെച്ചാണ് നടക്കുക. 

ഓസ്‌ട്രേലിയയിലെ ഏഴ് വേദികളിലായി മത്സരങ്ങള്‍ നടക്കും. അഡ്‌ലെയ്ഡ്, ബ്രിസ്‌ബേന്‍, ഗീലോങ്, ഹൊബാര്‍ട്ട്, മെല്‍ബണ്‍, പെര്‍ത്ത്, സിഡ്‌നി എന്നീ സ്റ്റേഡിയങ്ങളിലാണ് ലോകകപ്പ് അരങ്ങേറുക. 

2022 ഒക്ടോബര്‍ 16 ന് ആരംഭിക്കുന്ന ലോകകപ്പ് നവംബര്‍ 13 ന് സമാപിക്കും. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ കിരീടമുയര്‍ത്തിയതിന് കൃത്യം ഒരു വര്‍ഷത്തിനുശേഷമാണ് അടുത്ത ലോകകപ്പ് നടക്കുന്നത്. 

മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് ഫൈനല്‍ മത്സരം നടക്കുക. സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് സിഡ്‌നിയും അഡ്‌ലെയ്ഡും വേദിയാകും. ലോകറാങ്കിങ്ങില്‍ മുന്നിലുള്ള ആദ്യ എട്ട് ടീമുകള്‍ നേരിട്ട് യോഗ്യത നേടും. അവശേഷിക്കുന്ന നാല് ടീമുകള്‍ യോഗ്യതാ റൗണ്ടില്‍ മത്സരിക്കും. സൂപ്പര്‍ 12 ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍ നടക്കുക. 

Content Highlights: ICC T20 World Cup 2022 fixtures to be announced on January 21