ദുബായ്: ഏകദിന ലോകകപ്പ് ഫൈനല്‍ വിവാദത്തിന് കാരണമായ ബൗണ്ടറി നിയമം ഐ.സി.സി ഒഴിവാക്കി. ഇംഗ്ലണ്ടും ന്യൂസീലന്‍ഡും ഏറ്റുമുട്ടിയ ഫൈനല്‍ ടൈ ആയതോടെ മത്സരം സൂപ്പര്‍ ഓവറിലേക്കു നീണ്ടിരുന്നു. എന്നാല്‍ സൂപ്പര്‍ ഓവറും ടൈ ആയതോടെ കൂടുതല്‍ ബൗണ്ടറികള്‍ നേടിയതിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് പിന്നീട് കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. 

ഇതോടെയാണ് ഈ നിയമം എടുത്തുകളയാന്‍ ഐ.സി.സി തീരുമാനിച്ചത്. തിങ്കളാഴ്ച ദുബായില്‍ നടന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനമുണ്ടായത്. ഗ്രൂപ്പ് ഘട്ടത്തില്‍ സൂപ്പര്‍ ഓവര്‍ ടൈ ആവുകയാണെങ്കില്‍ മത്സരം ടൈ ആയതായി പ്രഖ്യാപിക്കും.

എന്നാല്‍ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളില്‍ സൂപ്പര്‍ ഓവര്‍ ടൈ ആകുകയാണെങ്കില്‍ ബൗണ്ടറികള്‍ എണ്ണം കണക്കാക്കി വിജയികളെ നിശ്ചയിക്കുന്നതിനു പകരം വിജയികളെ കണ്ടെത്തുന്നതു വരെ സൂപ്പര്‍ ഓവര്‍ തുടരും.

Content Highlights: ICC Scraps Boundary Count Rule Triggered World Cup 2019 Final controversy