ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഓവര്‍ ത്രോ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി).

ഐ.സി.സി നിയമാവലി അനുസരിച്ച് അമ്പയര്‍മാരാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതെന്നും ഇതില്‍ എന്തെങ്കിലും അഭിപ്രായം പറയുന്നത് ഐ.സി.സി നയത്തിന് എതിരാണെന്നും അവരുടെ വക്താവ് അറിയിച്ചു.

''ഐ.സി.സിയുടെ നിയമപുസ്തകവും നിയമങ്ങളും അടിസ്ഥാനമാക്കി അമ്പയര്‍മാരാണ് കളിക്കളത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതില്‍ എന്തെങ്കിലും അഭിപ്രായം പറയാന്‍ ഐ.സി.സി നയമനുസരിച്ച് ഞങ്ങള്‍ക്ക് സാധിക്കില്ല'' - ഐ.സി.സി വക്താവ് പറഞ്ഞു. ഫോക്‌സ് സ്‌പോര്‍ട്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഫൈനലിലെ അവസാന ഓവറിലായിരുന്നു ഓവര്‍ത്രോ വിവാദം. ഗുപ്റ്റില്‍ ബൗണ്ടറി ലൈനിന് അരികില്‍ നിന്ന് എറിഞ്ഞ പന്ത് ബെന്‍ സ്റ്റോക്ക്സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി ലൈന്‍ കടക്കുകയായിരുന്നു. അമ്പയര്‍ കുമാര്‍ ധര്‍മസേന ഈ പന്തില്‍ ഇംഗ്ലണ്ടിന് ആറു റണ്‍സ് അനുവദിക്കുകയായിരുന്നു.

എന്നാല്‍ ഐ.സി.സി നിയമപ്രകാരം അഞ്ചു റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് ലഭിക്കേണ്ടിയിരുന്നത്. ഇത് മത്സരഫലത്തില്‍ നിര്‍ണായകമായി. ഐ.സി.സി അമ്പയര്‍മാരുടെ എലൈറ്റ് പാനലില്‍ അംഗമായിരുന്ന സൈമണ്‍ ടോഫലും പല മുതിര്‍ന്ന താരങ്ങളും ഈ തീരുമാനത്തിനെതിരേ രംഗത്തെത്തിയിരുന്നു. 

രണ്ടാം റണ്ണിനായി ഓടുമ്പോള്‍ ഗുപ്റ്റില്‍ പന്ത് റിലീസ് ചെയ്യുന്ന സമയത്ത് ബാറ്റ്‌സ്മാന്‍മാര്‍ പരസ്പരം ക്രോസ് ചെയ്തിരുന്നില്ല. ഇതോടെ ഓവര്‍ ത്രോ അടക്കം അഞ്ച് റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് ലഭിക്കേണ്ടിയിരുന്നത്. നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും മത്സരം ടൈ ആയതോടെ കൂടുതല്‍ ബൗണ്ടറികള്‍ നേടിയെന്ന ആനുകൂല്യത്തിലാണ് ഇംഗ്ലണ്ട് ലോകചാമ്പ്യന്മാരായത്.

Content Highlights: ICC Responds To World Cup Final Overthrow Controversy