ദുബായ്: ഐ.സി.സി ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഈ വര്‍ഷം അവസാനിപ്പിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. 

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നേടിയ രണ്ട് അര്‍ധ സെഞ്ചുറികളോടെ 870 പോയന്റുകളുമായാണ് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 

പരിക്ക് കാരണം ഓസീസ് പരമ്പരയില്‍ നിന്ന് വിട്ടുനിന്ന രോഹിത് ശര്‍മയാണ് 842 പോയന്റുമായി രണ്ടാം സ്ഥാനത്ത്. ബാബര്‍ അസം (837), റോസ് ടെയ്‌ലര്‍ (818), ആരോണ്‍ ഫിഞ്ച് (791) എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. കോലിയും രോഹിത്തും ഒഴികെ ആദ്യ 10 സ്ഥാനങ്ങളില്‍ ഇന്ത്യക്കാര്‍ ആരുമില്ല.

അതേസമയം ഓസീസിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ കരിയറില്‍ ആദ്യമായി ആദ്യ 50 റാങ്കിനുള്ളില്‍ ഇടംനേടി. 553 പോയന്റുമായി ഹാര്‍ദിക് 49-ാം സ്ഥാനത്താണ്. 

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ 722 പോയന്റോടെ ന്യൂസീലന്‍ഡ് താരം ട്രെന്‍ഡ് ബോള്‍ട്ടാണ് ഒന്നാമത്. 701 പോയന്റുമായി അഫ്ഗാന്‍ താരം മുജീബ് റഹ്മാനാണ് രണ്ടാം സ്ഥാനത്ത്. ജസ്പ്രീത് ബുംറ മൂന്നാം സ്ഥാനത്തേക്കിറങ്ങി.

Content Highlights: ICC Rankings Virat Kohli ends 2020 as top ranked ODI batsman