ദുബായ്: 22 വർഷത്തിന് ശേഷം ഇംഗ്ലീഷ് മണ്ണിൽ ടെസ്റ്റ് പരമ്പര വിജയം ആഘോഷിച്ച ന്യൂസീലന്റിന് ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ മുന്നേറ്റം. ഇന്ത്യയെ പിന്നിലാക്കി കിവികൾ ഒന്നാം റാങ്കിലെത്തി. ന്യൂസീലന്റിന് 123 റേറ്റിങ് പോയിന്റും ഇന്ത്യക്ക് 121 റേറ്റിങ് പോയിന്റുമാണുള്ളത്.

ഓസ്ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് നാലാമതും പാകിസ്താൻ അഞ്ചാം സ്ഥാനത്തുമാണ്. ഓസ്ട്രേലിയക്ക് 108ഉം ഇംഗ്ലണ്ടിന് 107ഉം പാകിസ്താന് 94ഉം റേറ്റിങ് പോയിന്റാണുള്ളത്. റാങ്കിങ്ങിലെ ഈ മാറ്റം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്കെതിരേ ന്യൂസീലന്റിന് ആത്മവിശ്വാസം നൽകും. ജൂൺ പതിനെട്ടിന് സതാംപ്റ്റണിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ.

എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് തോൽപ്പിച്ചാണ് ന്യൂസീലന്റ് പരമ്പര സ്വന്തമാക്കിയത്. 38 റൺസ് ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്റ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ ചരിത്രവിജയത്തിലെത്തി. ടെസ്റ്റ് അവസാനിക്കാൻ ഒരു ദിവസം ശേഷിക്കെയാണ് ന്യൂസീലന്റിന്റെ വിജയം. ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു.

Content Highlights: ICC Rankings New Zealand Topple India to Become No 1 Ranked Test Team