ദുബായ്: ആകെ കളിച്ചത് പത്ത് മത്സരങ്ങള്‍, ഐ.സി.സി ബൗളര്‍മാരുടെ റാങ്കിങ്ങില്‍ മൂന്നാമത്. പാകിസ്താന്‍ പേസ് ബൗളര്‍ മുഹമ്മദ് അബ്ബാസിന് അത്യപൂര്‍വ നേട്ടം. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സിലും അഞ്ച് വിക്കറ്റ് പ്രകടനം പുറത്തെടുത്താണ് അബ്ബാസ് ഈ നേട്ടത്തിലെത്തിയത്. മത്സരത്തില്‍ 373 റണ്‍സിന് വിജയിച്ച പാകിസ്താന്‍ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്തുകയും ചെയ്തു.

899 റേറ്റിങ് പോയിന്റുള്ള ഇംഗ്ലീഷ് താരം ജെയിംസ് ആന്‍ഡേഴ്‌സണാണ് റാങ്കിങ്ങില്‍ ഒന്നാമത്. 882 റേറ്റിങ് പോയിന്റുമായി ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദെയാണ് രണ്ടാം സ്ഥാനത്ത്. 

പരമ്പര തുടങ്ങുന്നതിന് മുമ്പ് 21-ാം റാങ്കിലായിരുന്നു പാക് താരം. രണ്ട് ടെസ്റ്റിലുമായി 17 വിക്കറ്റ് വീഴ്ത്തിയതോടെ 18 സ്ഥാനം മുന്നില്‍ കയറി മൂന്നാമതെത്തുകയായിരുന്നു. നിലവില്‍ പത്ത് ടെസ്റ്റില്‍ നിന്ന് 15.64 ശരാശരിയില്‍ 38 സ്‌ട്രൈക്ക് റേറ്റില്‍ 59 വിക്കറ്റുകളാണ് പാക് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഇതില്‍ നാല് തവണ അഞ്ച് വിക്കറ്റ് നേട്ടവും അഞ്ച് തവണ നാല് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.

8000 റേറ്റിങ് പോയിന്റുകള്‍ പിന്നിട്ട താരം യാസിര്‍ ഷായുടേയും ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളര്‍ വെര്‍ണോന്‍ ഫിലാന്‍ഡറിന്റേയും റെക്കോഡിനൊപ്പമെത്തി. ഇരുവരും പത്ത് ടെസ്റ്റ് മാത്രം കളിച്ചാണ് ഈ നേട്ടത്തിലെത്തിയത്. 8000 റേറ്റിങ് പോയിന്റ് പിന്നിടുന്ന പത്താമത്തെ പാക് താരമെന്ന നേട്ടവും അബ്ബാസ് സ്വന്തം പേരിനൊപ്പം ചേര്‍ത്തു. 

കുറഞ്ഞ ടെസ്റ്റ് കളിച്ച് 8000 റേറ്റിങ് പോയിന്റ് സ്വന്തമാക്കിയ മൂന്ന് ബൗളര്‍മാരാണുള്ളത്. ഇംഗ്ലണ്ടിന്റെ ടോം റിച്ചാര്‍ഡ്‌സണ്‍, ഓസ്‌ട്രേലിയയുടെ ചാര്‍ളി ടര്‍ണര്‍, ഓസ്‌ട്രേലിയ്ക്കും ഇംഗ്ലണ്ടിനും വേണ്ടി കളിച്ച ജോണ്‍ ഫെരിസ് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയവര്‍. 

abbas

Content Highlights: ICC Rankings Mohammad Abbas Reaches Third Position in Just 10 Tests