ദുബായ്: ഐ.സി.സി റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയെ മറികടന്ന് ഇംഗ്ലണ്ട് ഒന്നാമതെത്തി. എട്ടു പോയിന്റ് കൂട്ടിച്ചേര്‍ത്ത ഇംഗ്ലണ്ടിന് 125 പോയിന്റാണുള്ളത്. ഇന്ത്യക്ക് 122ഉം മൂന്നാമതുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 113ഉം പോയിന്റുണ്ട്. 

ഇതിന് മുമ്പ് 2013ലാണ് ഇംഗ്ലണ്ട് അവസാനമായി ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. ഇന്ത്യക്ക് ഒരു പോയിന്റ് നഷ്ടമായപ്പോള്‍ നാല് പോയിന്റ് നഷ്ടപ്പെടുത്തിയാണ് രണ്ടാമതുള്ള ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തേക്ക് വീണത്. 112 പോയിന്റുമായി ന്യൂസീലന്‍ഡാണ് നാലാമത്. 

ടിട്വന്റി റാങ്കിങ്ങില്‍ പാകിസ്താന്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഓസ്‌ട്രേലിയക്കും താഴെ മൂന്നാമതാണ് ഇന്ത്യ. ഓസ്‌ട്രേലിയക്ക് ഇന്ത്യയേക്കാള്‍ മൂന്നു പോയിന്റ് കൂടുതലുണ്ട്. അതേസമയം ടെസ്റ്റ് റാങ്കില്‍ ഇന്ത്യ തന്നെയാണ് ഒന്നാമത്. രണ്ടാമതുള്ള ദക്ഷിണാഫ്രിക്കയേക്കാള്‍ 13 പോയിന്റ് കൂടുതല്‍ ഇന്ത്യയ്ക്കുണ്ട്. 

Content Highlights: ICC rankings England overtake India to top ODI charts