ദുബായ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഭുവനേശ്വര്‍ കുമാര്‍ ഐ.സി.സി റാങ്കിങ്ങില്‍ മികച്ച നേട്ടം കൈവരിച്ചു. താരം ഒന്‍പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി റാങ്കിങ്ങില്‍ 11-ാം സ്ഥാനത്തെത്തി. 

ദീര്‍ഘനാളായി പരിക്കിന്റെ പിടിയിലായ താരം ഇംഗ്ലണ്ടിനെതിരേ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2017 സെപ്റ്റംബറിന് ശേഷം ഭുവനേശ്വര്‍ നേടുന്ന ഏറ്റവും മികച്ച റാങ്കിങ്ങാണിത്. 

മറ്റൊരു ഇന്ത്യന്‍ താരമായ ശാര്‍ദൂല്‍ ഠാക്കൂര്‍ 93-ാം സ്ഥാനത്തുനിന്നും 80-ാം സ്ഥാനത്തെത്തി. രാഹുല്‍ 31-ല്‍ നിന്നും 27-ലും ഹാര്‍ദിക് പാണ്ഡ്യ 42-ാം റാങ്കിലുമെത്തി. 

ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ ന്യൂസീലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടാണ് ഒന്നാമത്. അഫ്ഗാനിസ്താന്റെ മുജീബുര്‍ റഹ്മാന്‍ രണ്ടാമതും ന്യൂസിലന്‍ഡിന്റെ തന്നെ മാറ്റ് ഹെന്റി മൂന്നാമതുമെത്തി. ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ മൂന്നാം റാങ്കില്‍ നിന്നും നാലിലെത്തി. 

ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ വിരാട് കോലി ഒന്നാമതും ബാബര്‍ അസം രണ്ടാമതും രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തുമാണ്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ബെന്‍സ്റ്റോക്‌സ് രണ്ടാം സ്ഥാനത്തെത്തി. ഷാക്കിബ് അല്‍ ഹസ്സനാണ് ഒന്നാമത്. 

Content Highlights: ICC Rankings Bhuvneshwar gains nine slots to reach 11th spot in ODIs