ദുബായ്: ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ചരിത്രമെഴുതി ബംഗ്ലാദേശ്. ഡബ്ലിനില്‍ നടന്ന ഏകദിനത്തില്‍ ന്യൂസീലന്‍ഡിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ബംഗ്ലാദേശ് റാങ്കിങ്ങില്‍ മുന്നേറിയത്. ചരിത്രത്തില്‍ ആദ്യമായി ബംഗ്ലാദേശ് ആറാം സ്ഥാനത്തെത്തി.

ന്യൂസീലന്‍ഡിനെ അവരുടെ മണ്ണില്‍ ആദ്യമായി തോല്‍പ്പിച്ച മുഷ്‌റഫ് മുര്‍താസയുടെ സംഘം റാങ്കിങ്ങില്‍ 93 പോയിന്റുമായാണ് ആറാമതെത്തിയത്. ബംഗ്ലാദേശിന് 93.3 പോയിന്റും തൊട്ടുതാഴെയുള്ള ശ്രീലങ്കക്ക് 92.8 പോയിന്റുമാണുള്ളത്. ലങ്കയ്ക്ക് പുറമെ പാകിസ്താനും വെസ്റ്റിന്‍ഡീസും റാങ്കിങ്ങില്‍ ബംഗ്ലാദേശിന് താഴെയാണ്. മൂന്ന് ലോകചാമ്പ്യന്‍മാരായ ടീമുകള്‍ക്ക് മുന്നില്‍ റാങ്കിങ്ങില്‍ ആദ്യമായാണ് ബംഗ്ലാദേശ് എത്തുന്നത്.

എട്ടാം റാങ്കിലുള്ള പാകിസ്താനേക്കാള്‍ അഞ്ചു പോയിന്റും ഒമ്പതാം സ്ഥാനത്തുള്ള വെസ്റ്റിന്‍ഡീസിനേക്കാള്‍ 14 പോയിന്റും മുന്നിലാണ് ബംഗ്ലാദേശ്. 2019ല്‍ നടക്കുന്ന ഐ.സി.സി. ഏകദിന ലോകകപ്പില്‍ റാങ്കിങ്ങില്‍ ആദ്യ ഏഴിലുള്ള ടീമുകള്‍ നേരിട്ടു യോഗ്യത നേടും. സെപ്തംബര്‍ 30നുള്ള റാങ്കിങ് നോക്കിയായിരിക്കും ഈ ടീമുകളെ തിരഞ്ഞെടുക്കുക. അങ്ങനെയെങ്കില്‍ നാല് മാസം കൂടി ഈ റാങ്കിങ് നിലനിര്‍ത്തിയാല്‍ ബംഗ്ലേദശിന് ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിക്കും. 

122 പോയിന്റുമായി റാങ്കിങ്ങില്‍ ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്. രണ്ടാമതുള്ള ഓസ്‌ട്രേലിയക്ക് 118 പോയിന്റും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് 117 പോയിന്റുമാണുള്ളത്. 114 പോയിന്റുമായി ന്യൂസീലന്‍ഡ് നാലാമതും 111 പോയിന്റുള്ള ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തുമാണ്.