ദുബായ്: 2023 ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ഏകദിന ലോകകപ്പ് ആറു മാസത്തേക്ക് നീട്ടിവെച്ച് ഐ.സി.സി. ഇതുപ്രകാരം 2023 ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലാകും ലോകകപ്പ് നടക്കുകയെന്ന് ഐ.സി.സി അറിയിച്ചു.

കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരുന്ന ട്വന്റി20 ലോകകപ്പ് മാറ്റിവെച്ചതിനു പിന്നാലെയാണ് ഐ.സി.സിയുടെ പുതിയ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന ഐ.സി.സി യോഗത്തിലാണ് തീരുമാനമുണ്ടായത്.

ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് കൂടുതല്‍ സമയം ലഭിക്കാന്‍ വേണ്ടിയാണ് 2023-ലെ ലോകകപ്പ് ഐ.സി.സി ആറു മാസത്തേക്ക് നീട്ടിയത്. കോവിഡ് മൂലം നിരവധി ക്രിക്കറ്റ് മത്സരങ്ങളാണ് ഇക്കാലയളവില്‍ നഷ്ടമായത്.

അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഓരോ വര്‍ഷവും ഓരോ ലോകകപ്പ് നടത്താനാണ് ഐ.സി.സിയുടെ പദ്ധതി. ഇതനുസരിച്ച് 2021, 2022 വര്‍ഷങ്ങളില്‍ ട്വന്റി 20 ലോകകപ്പും 2023-ല്‍ ഏകദിന ലോകകപ്പും നടക്കും. മാറ്റിവെച്ച ഈ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പ് 2021 ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലേക്കാണ് മാറ്റിയിരിക്കുന്നത്.

Content Highlights: ICC moves 2023 World Cup in India to October-November