ദുബായ്: ട്വന്റി 20 ലോകകപ്പിനുശേഷമുള്ള ഐ.സി.സിയുടെ ലോക ട്വന്റി 20 റാങ്കിങ് ലിസ്റ്റ് പുറത്തുവന്നു. ഇന്ത്യന്‍ താരങ്ങള്‍ക്ക് വേണ്ട വിധത്തില്‍ ശോഭിക്കാനായില്ല. ബാറ്റര്‍മാരുടെ പട്ടികയില്‍ മാത്രമാണ് ഇന്ത്യന്‍ താരങ്ങള്‍ ആദ്യ പത്തിനുള്ളില്‍ ഇടം നേടിയത്. ബൗളര്‍മാരും ഓള്‍റൗണ്ടര്‍മാരും നിരാശപ്പെടുത്തി. 

ബാറ്റര്‍മാരുടെ പട്ടികയില്‍ ആറാം റാങ്കിലുള്ള കെ.എല്‍.രാഹുലും എട്ടാം സ്ഥാനത്തുള്ള വിരാട് കോലിയും മാത്രമാണ് ആദ്യ പത്തില്‍ ഇടം നേടിയത്. അഞ്ചാം സ്ഥാനത്തായിരുന്ന രാഹുലിന് ഒരു സ്ഥാനം നഷ്ടപ്പെട്ടു. രാഹുലിന് 727 പോയന്റും കോലിയ്ക്ക് 698 പോയന്റുമാണുള്ളത്. 

പാകിസ്താന്‍ നായകന്‍ ബാബര്‍ അസമാണ് പട്ടികയില്‍ ഒന്നാമത്. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്‍, ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം, ന്യൂസീലന്‍ഡിന്റെ ഡെവോണ്‍ കോണ്‍വേ, പാകിസ്താന്റെ മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ രണ്ട് മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. 

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ശ്രീലങ്കയുടെ വാനിന്‍ഡു ഹസരംഗയാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ തബ്‌റൈസ് ഷംസി രണ്ടാം സ്ഥാനത്തുനില്‍ക്കുന്നു. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഓസ്‌ട്രേലിയയുടെ ആദം സാംപ മൂന്നാമതെത്തി. ആദ്യ പത്തില്‍ ആറുപേരും സ്പിന്നര്‍മാരാണ്. 

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ അഫ്ഗാനിസ്താന്റെ മുഹമ്മദ് നബിയാണ് ഒന്നാമത്. ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസ്സന്‍ രണ്ടാം സ്ഥാനത്താണ്. ഏഴുസ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇംഗ്ലണ്ടിന്റെ ലിയാം ലിവിങ്സ്റ്റണ്‍ മൂന്നാം സ്ഥാനത്തെത്തി. 

Content Highlights: ICC Men's Player Rankings for T20 internationals