ലണ്ടന്‍: അഹമ്മദാബാദിലെ പിച്ചിന്റെ പേരില്‍ ഐ.സി.സിയേയും ബി.സി.സി.ഐയേയും കടന്നാക്രമിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍.

നേരത്തെ അഹമ്മദാബാദ് പിച്ചിനെ മോശം എന്ന് വിശേഷിപ്പിച്ച വോണ്‍ പല്ലുകൊഴിഞ്ഞ ഐ.സി.സി ഇന്ത്യയെ പോലുള്ള ശക്തരായ രാജ്യങ്ങളെ തന്നിഷ്ടത്തിന് വിടുകയാണെന്നും തുറന്നടിച്ചു. ഡെയ്‌ലി ടെലഗ്രാഫിലെഴുതിയ കോളത്തിലായിരുന്നു വോണിന്റെ വിമര്‍ശനം.

ഇംഗ്ലണ്ട് 10 വിക്കറ്റിന് തോറ്റ മൂന്നാം ടെസ്റ്റ് വെറും രണ്ട് ദിവസത്തിനുള്ളില്‍ അവസാനിച്ചതോടെ ഇന്ത്യ ഒരുക്കുന്ന പിച്ചിനെ കുറിച്ച് നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. 

'ഇന്ത്യയെ പോലുള്ള ശക്തരായ രാജ്യങ്ങള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കുമ്പോള്‍ ഐ.സി.സി കൂടുതല്‍ പല്ലു കൊഴിഞ്ഞതുപോലെയാണ് കാണപ്പെടുന്നത്.'  - വോണ്‍ പറഞ്ഞു. ഇതു കാരണം ടെസ്റ്റ് ക്രിക്കറ്റിനാണ് നഷ്ടമുണ്ടാകുന്നതെന്നും വോണ്‍ ചൂണ്ടിക്കാട്ടി. 

കാര്യങ്ങളില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് തങ്ങള്‍ മുടക്കിയ പണം തിരികെ നല്‍കണമെന്നാവശ്യപ്പെടാമെന്നും വോണ്‍ പറയുന്നു. താരങ്ങള്‍ക്ക് മിടുക്കില്ലാഞ്ഞിട്ടല്ല മത്സരം നേരത്തെ അവസാനിച്ചതെന്ന കാര്യം അവര്‍ അംഗീകരിക്കുന്നു. എന്നാല്‍ ഹോം ടീം വളരെ മോശം പിച്ചാണ് തയ്യാറാക്കിയതുകൊണ്ടാണെന്ന കാര്യം അവര്‍ അംഗീകരിക്കുന്നുമില്ല.

അഹമ്മദാബാദിലെ മൂന്നാം ടെസ്റ്റിനായി തയ്യാറാക്കിയ പിച്ചിനെ കുറിച്ചുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളും ക്രിക്കറ്റ് ലോകത്ത് തുടരുകയാണ്. രണ്ടു ദിവസം കൊണ്ട് 30 വിക്കറ്റുകളാണ് വീണത്. പന്തിന്റെ ഗതിയറിയാതെ ബാറ്റ്‌സ്മാന്‍മാര്‍ കുഴങ്ങുന്ന കാഴ്ച മൊട്ടേരയില്‍ പതിവായിരുന്നു. 

മൂന്നാം ടെസ്റ്റില്‍ ഇന്ത്യ നിറം മങ്ങിയ ജയമാണ് നേടിയതെന്നും വോണ്‍ പറഞ്ഞു.

Content Highlights: ICC look toothless allowing India to produce whatever they want says Michael Vaughan