Image Courtesy: Twitter
ലണ്ടന്‍: ടെസ്റ്റ് മത്സരങ്ങള്‍ക്കിടെ കളിക്കാര്‍ക്ക് കോവിഡ് ബാധിച്ചാല്‍ 'കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട്' പോലെ പകരക്കാരെ അനുവദിക്കുന്ന കാര്യം ഐ.സി.സി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. 'കോവിഡ് സബ്സ്റ്റിറ്റിയൂട്ട്' എന്നാകും ഈ പകരക്കാര്‍ അറിയപ്പെടുക.
ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ഇ.സി.ബി) സ്‌പെഷല്‍ പ്രോജക്ട്‌സ് ഡയറക്ടറായ സ്റ്റീവ് എല്‍വര്‍ത്തിയാണ് ഐ.സി.സി ഇക്കാര്യം പരിഗണിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്. അദ്ദേഹത്തെ ഉദ്ധരിച്ച് സ്‌കൈ സ്‌പോര്‍ട്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിനെ അനുവദിക്കുന്ന അതേ മാതൃകയില്‍ തന്നെയാകും കോവിഡ് സബ്സ്റ്റിറ്റിയൂട്ടിനെയും അനുവദിക്കുക.
ടെസ്റ്റ് മത്സരങ്ങള്‍ക്കിടെയാകും കോവിഡ് സബ്സ്റ്റിറ്റിയൂട്ടിനെ അനുവദിക്കുന്ന കാര്യം പരിഗണിക്കുക. ടെസ്റ്റിന്റെ ഓരോ ദിവസവും കോവിഡ് പരിശോധന വേണ്ടതായി വരും. ഇക്കാര്യത്തില്‍ ഐ.സി.സി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
''കോവിഡ് പകരക്കാരുടെ കാര്യം ഐ.സി.സിയുടെ ചര്‍ച്ചയിലുണ്ട്. അതില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ടെസ്റ്റ് മത്സരങ്ങളിലാണ് ഇതിന് സാധ്യത. ഏകദിനത്തിലും ട്വന്റി 20-യിലും അനുവദിക്കാന്‍ സാധ്യതയില്ല. കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് മാതൃകയില്‍ തന്നെയാകും ഇതും. മത്സരങ്ങള്‍ക്കിടെ ഏതെങ്കിലും താരത്തിന് കോവിഡ് സ്ഥിരീകരിച്ചാല്‍ നമ്മുടെ ഓണ്‍സൈറ്റ് കോവിഡ് മെഡിക്കല്‍ ഓഫീസറെയും ഇംഗ്ലണ്ടിന്റെ പബ്ലിക് ഹെല്‍ത്ത് വിഭാഗത്തെയും അടിയന്തരമായി വിവരമറിയിക്കും. തുടര്‍ന്ന് താരത്തെ നിശ്ചിത കാലത്തേക്ക് ഐസൊലേഷനിലേക്കു മാറ്റുകയും ചെയ്യും'', സ്റ്റീവ് എല്‍വര്‍ത്തി പറഞ്ഞു.
അതേസമയം കോവിഡ് ആശങ്കകള്‍ക്കിടെ വെസ്റ്റിന്‍ഡീസ് അടുത്ത മാസം ഇംഗ്ലണ്ടില്‍ പര്യടനത്തിന് എത്തുന്നുണ്ട്. ജൂലായ് എട്ടു മുതലാണ് പരമ്പര. മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 14 അംഗ ടീമും 11 റിസര്‍വ് താരങ്ങളുമടങ്ങുന്ന വിന്‍ഡീസ് സംഘമാണ് ഇംഗ്ലണ്ടിലെത്തുക. ഇവര്‍ ക്വാറന്റൈനിന് വിധേയരാകും.
Content Highlights: ICC discussing COVID-19 substitutes for test matches report
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..