ലണ്ടന്‍: ഈ വര്‍ഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള അവാര്‍ഡ് ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്. മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരവും കൂടി സ്വന്തമാക്കിയ അശ്വിന്‍ അപൂര്‍വ അവാര്‍ഡ് ഡബിള്‍ സ്വന്തമാക്കിയിരിക്കുകയാണ്.

മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍ക്കുള്ള സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് പുരസ്‌കാരം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് അശ്വിന്‍. രാഹുല്‍ ദ്രാവിഡ് (2004), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (2010) എന്നിവര്‍ക്കാണ് ഇതിന് മുന്‍പ് ഈ പുരസ്‌കാരം ലഭിച്ചത്.

ഇംഗ്ലണ്ടിനെതിരെയായ പരമ്പര ഇന്ത്യയ്ക്ക് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഓഫ് സ്പിന്നറായ അശ്വിന്‍ വഹിച്ചത്. ഈ വര്‍ഷം നടന്ന എട്ട് ടെസ്റ്റുകളില്‍ നിന്ന് 15.39 എന്ന ശരാശരിയില്‍ 48 വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയത്. ബാറ്റ് ചെയ്ത് 336 റണ്‍സ് നേടുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് ഐ.സി.സി.യുടെ ബൗളര്‍മാരുടെ ടെസ്റ്റ് റാങ്കിങ്ങില്‍ അശ്വിന്‍ ഒന്നാം സ്ഥാനം നേടിയത്. ഐ.സി.സി.യുടെ ടെസ്റ്റ് ടീമിലും അശ്വിന്‍ ഇടം നേടിയിരുന്നു.

ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കാണ് ഏറ്റവും മികച്ച ഏകദിന താരം. അസോസിയേറ്റ് രാജ്യങ്ങളിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം അഫ്ഗാനിസ്താന്റെ മുഹമ്മദ് ഷഹ്‌സാദ് സ്വന്തമാക്കി.

ന്യൂസീലന്‍ഡിന്റെ സൂസി ബെയ്റ്റ്‌സാണ് ഏറ്റവും മികച്ച വനിതാ ഏകദിന താരവും ഏറ്റവും മികച്ച ടിട്വന്റി താരവും.

ടിട്വന്റിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരത്തിനുള്ള അവാര്‍ഡ് വെസ്റ്റിന്‍ഡീസിന്റെ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് കരസ്ഥമാക്കി. ബംഗ്ലാദേശിന്റെ മുസ്താഫിസുര്‍ റഹ്മാനാണ് വളര്‍ന്നുവരുന്ന മികച്ച താരം. ഐ.സി.സി.യുടെ എമര്‍ജിങ് ക്രിക്കറ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡിന് ബംഗ്ലാദേശിന്റെ മുസ്തഫിസുർ റഹ്മാൻ ഹഖ് തിരഞ്ഞെടുക്കപ്പെട്ടു. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം  പാകിസ്താന്റെ മിസ്ബ ഉള്‍ ഹഖിനാണ്.