ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ ടോസ് നിര്‍ണായകമാണ്. ടോസ് തങ്ങള്‍ക്ക് അനുകൂലമായി ലഭിക്കണമെന്നാണ് ഓരോ ക്യാപ്റ്റന്‍മാരും ആഗ്രഹിക്കുക. 1877 മാര്‍ച്ചില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റിന് ശേഷം നടന്ന എല്ലാ ടെസ്റ്റ് മത്സരങ്ങളിലും ടോസ് ഉണ്ടായിരുന്നു. ആതിഥേയ ക്യാപ്റ്റന്‍ നാണയം ടോസ് ചെയ്യുകയും സന്ദര്‍ശക ക്യാപ്റ്റന്‍ ഹെഡ്ഡാണോ ടെയ്‌ലോണോ വേണ്ടതെന്ന് പറയുകയും ചെയ്യും.  

എന്നാല്‍ ടോസിടുന്നത് നീതിയുക്തമല്ലാത്ത രീതിയില്‍ ആതിഥേയ ടീമിന് ആനുകൂല്യം നല്‍കുന്നുവെന്നാണ് ക്രിക്കറ്റ് വിദഗ്ധർ വിലയിരുത്തുന്നത്. ആതിഥേയ ടീമാണ് പിച്ച് ഒരുക്കുക. ആ ആനുകൂല്യവും അവര്‍ക്ക് ലഭിക്കും. അതുകൊണ്ടു തന്നെ ടോസിങ് സമ്പ്രദായത്തിന് പകരം ആദ്യം ബാറ്റിങ്ങാണോ ബൗളിങ്ങാണോ വേണ്ടതെന്ന് തീരുമാനിക്കാന്‍ സന്ദര്‍ശക ടീമിന്റെ ക്യാപ്റ്റന് അവസരം നല്‍കണമെന്നാണ് ഒരു കൂട്ടം വാദിക്കുന്നത്. മെയ് 28നും മെയ് 29നും മുംബൈയില്‍ നടക്കുന്ന ഐ.സി.സിയുടെ ക്രിക്കറ്റ് കമ്മിറ്റി മീറ്റിങ്ങില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. 

2016-ല്‍ കൗണ്ടി ക്രിക്കറ്റ് മത്സരങ്ങളില്‍ ടോസ്സിങ് ഒഴിവാക്കിയതിനെത്തുടര്‍ന്ന് അത് ഇന്ത്യയിലും പിന്തുടരാന്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. പക്ഷേ തീരുമാനമൊന്നുമായിരുന്നില്ല. ആതിഥേയ ടീം ടോസ് വിജയിച്ചാല്‍ അവര്‍ തയ്യാറാക്കിയ പിച്ചിനനുസരിച്ച് ബാറ്റിങ്ങോ ബൗളിങ്ങോ തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഒരുക്കികൊടുക്കുന്നതെന്നാണ് ക്രിക്കറ്റ് നിരൂപകരായ മൈക്കില്‍ ഹോള്‍ഡിങ്ങും മുന്‍ ഓസ്‌ട്രേലിയന്‍ താരമായ സ്റ്റീവ് വോയും ചൂണ്ടിക്കാട്ടുന്നത്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കോച്ചുമായ അനില്‍ കുംബ്ലെ, ആൻഡ്രു സ്‌ട്രോസ്, മഹേല ജയവര്‍ധനെ, രാഹുല്‍ ദ്രാവിഡ്, ടിം മെയ്, ന്യൂസീലന്‍ഡ് ക്രിക്കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് വൈറ്റ്, അമ്പയര്‍മാരായ റിച്ചാര്‍ഡ് കെറ്റില്‍ബോറോ, ഐ.സി.സി റഫറിമാരായ രഞ്ജന്‍ മദ്ഗുലെ, ഷോണ്‍ പൊള്ളോക്ക്, ക്ലെയര്‍ കോണ്‍ എന്നിവരാണ് ഐ.സി.സി അംഗങ്ങള്‍. ഇവരുടെ നിലപാടിന് അനുസരിച്ചാകും ടോസിങ്ങിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുക. 

Content Highlights: ICC Considering Scrapping Coin Toss In Test Cricket