ദുബായ്: കോവിഡ്-19 ആശങ്കക്കിടെ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളിലെ പുതിയ പരിഷ്കാരങ്ങൾക്ക് ഐ.സി.സിയുടെ ഔദ്യോഗിക അംഗീകാരം. ഈ നിയമപരിഷ്കാരം കോവിഡ്-19 കാലത്തേക്ക് മാത്രമുള്ളതാണ്. അതുകഴിഞ്ഞാൽ പഴയ നിയമങ്ങൾ തന്നെ തുടരും. മത്സരങ്ങളിൽ കോവിഡ് പകരക്കാരൻ, പന്തിൽ തുപ്പൽ തേക്കുന്നതിനുള്ള വിലക്ക്, ടെസ്റ്റ് പരമ്പരകളിൽ നിഷ്പക്ഷ അമ്പയർ വേണമെന്നതിൽ ഇളവ്, കൂടുതൽ ഡി.ആർ.എസ് അവസരങ്ങൾ, ജെഴ്സി ലോഗോയിലെ മാറ്റം എന്നിവയാണ് ഐ.സി.സി പ്രഖ്യാപിച്ച പുതിയ പരിഷ്കാരങ്ങൾ.

പന്തിൽ തുപ്പൽ തേക്കുന്നതിനുള്ള വിലക്ക്: പന്തിന് തിളക്കം കൂട്ടാൻ കളിക്കാർക്ക് ഇനി മുതൽ തുപ്പൽ ഉപയോഗിക്കാൻ പറ്റില്ല. ഇനി ഏതെങ്കിലും താരം ഈ നിമയം ലംഘിച്ചാൽ അമ്പയർക്ക് അതിൽ ഇടപെടാം. ടീമിന് താക്കീത് നൽകാം.

ഓരോ ഇന്നിങ്സിലും ഓരോ ടീമിനും രണ്ടു താക്കീതാണ് കൊടുക്കുക. രണ്ടിൽ കൂടുതൽ ആവർത്തിച്ചാൽ അഞ്ച് റൺസ് പെനാൽറ്റിയായി എതിർ ടീമിന് ലഭിക്കും. തുപ്പൽ പന്തിൽ പുരണ്ടാൽ അമ്പയർ അത് നീക്കം ചെയ്തശേഷം മാത്രമേ കളി പുനരാരംഭിക്കാവൂ.

കോവിഡ് പകരക്കാരൻ: ടെസ്റ്റ് മത്സരത്തിനിടയിൽ കോവിഡ്-19 ലക്ഷണങ്ങൾ കാണിക്കുന്ന താരത്തിന് പകരം മറ്റൊരു താരത്തെ ടീമുകൾക്ക് കളത്തിലിറക്കാം. മാച്ച് റഫറിയുടെ അനുവാദത്തോടെയാകണം ഈ മാറ്റം.

കൂടുതൽ ഡി.ആർ.എസ് അവസരങ്ങൾ: യാത്രാ വിലക്കുള്ളതിനാൽ പരിചയസമ്പന്നരായ അമ്പയർമാരുടെ അഭാവത്തിൽ പുതുമുഖങ്ങളായ അമ്പയർമാർക്ക് മത്സരം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടാകും. ഇതു പരിഗണിച്ച് ടെസ്റ്റിൽ ഓരോ ടീമിനും മൂന്നു ഡി.ആർ.എസ് അവസരങ്ങളും ഏകദിനത്തിൽ രണ്ട് ഡി.ആർ.എസ് അവസരങ്ങളും നൽകും. നിലവിൽ ഇത് ടെസ്റ്റിൽ രണ്ടും ഏകദനിത്തിൽ ഒന്നുമാണ്.

നിഷ്പക്ഷ അമ്പയർ വേണമെന്നതിൽ ഇളവ്: ടെസ്റ്റ് മത്സരങ്ങൽ നിയന്ത്രിക്കാൻ നിഷ്പക്ഷ അമ്പയർമാർ വേണമെന്നതാണ് നിയമം. എന്നാൽ കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ സ്വദേശി അമ്പയർമാരേയും മാച്ച് ഒഫീഷ്യൽസിനേയും മത്സരം നിയന്ത്രിക്കാൻ നിയോഗിക്കാം.

ലോഗോയിൽ മാറ്റം: ടെസ്റ്റിൽ കളിക്കാർക്ക് ജെഴ്സിയുടെ നെഞ്ചിന്റെ ഭാഗത്ത് 32 ചതുരശ്ര ഇഞ്ച് വലിപ്പത്തിൽ ഒരു ലോഗോ കൂടി കൂടുതലായി പ്രദർശിപ്പിക്കാം. നിലവിൽ ടെസ്റ്റിൽ ഒരു കളിക്കാരന്റെ ജെഴ്സിയിൽ പ്രദർശിപ്പിക്കാൻ അനുവാദമുള്ളത് മൂന്നു ലോഗോകൾ മാത്രമാണ്. ടെസ്റ്റ് ജെഴ്സിയിൽ നെഞ്ചിന്റെ ഭാഗത്ത് ലോഗോ പ്രദർശിപ്പിക്കാനും അനുവാദമില്ലായിരുന്നു.

Content Highlights:ICC confirms interim changes in playing regulations