സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങള്‍ വംശീയാധിക്ഷേപത്തിന് ഇരയായ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഐ.സി.സി.
സിഡ്‌നി ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറയ്ക്കുമെതിരേ കാണികളില്‍ നിന്ന് വംശീയാധിക്ഷേപം ഉണ്ടായതായി ഇന്ത്യ പരാതി നല്‍കിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം വീണ്ടും സിറാജിന് കാണികളില്‍ നിന്ന് മോശം അനുഭവമുണ്ടായി.
ഇതോടെ സിറാജിനോട് മോശമായി പെരുമാറിയ ആറ് ഓസ്ട്രേലിയന്‍ ആരാധകരെ സിഡ്നി ക്രിക്കറ്റ് മൈതാനത്ത് നിന്ന് പുറത്താക്കി.
ഇത്തരം പെരുമാറ്റം അംഗീകരിക്കാനാകില്ലെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) അറിയിച്ചു. അന്വേഷണം തുടങ്ങിയതായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും അറിയിച്ചു. ഇത്തരം വിവേചനങ്ങള്‍ ഒരിക്കലും സഹിക്കില്ലെന്ന് ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.
സ്റ്റേഡിയത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഐ.സി.സി പരിശോധിക്കുമെന്നാണ് വിവരം. 800 സുരക്ഷാ ക്യാമറകളാണ് ഗ്രൗണ്ടിലുള്ളത്.
സിറാജിനെ 'കുരങ്ങന്‍' എന്നും 'പട്ടി' എന്നും വിളിച്ചതായി പരാതിയുണ്ട്. ബുംറയെയും അപഹസിച്ചു. സിറാജും ഇന്ത്യന്‍ ടീമും അമ്പയറോട് പരാതിപ്പെട്ടതിനെത്തുടര്‍ന്ന് കളി അല്‍പ്പനേരം നിര്‍ത്തിവെച്ചു. ആറുപേരെ സ്റ്റേഡിയത്തില്‍നിന്ന് ഒഴിപ്പിച്ചതായി പോലീസ് അറിയിച്ചു.
ആതിഥേയര്‍ എന്ന നിലയില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ഇന്ത്യന്‍ ടീമിനോട് ക്ഷമ ചോദിച്ചു.
Content Highlights: ICC condemns racism in Sydney Test seeks action