ലോഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ പാക് താരങ്ങള്‍ മികച്ച ബൗളിങ്ങാണ് പുറത്തെടുത്തത്. ആതിഥേയരായ ഇംഗ്ലണ്ടിനെ 184 റണ്‍സിന് പാകിസ്താന്‍ പുറത്താക്കി. എന്നാല്‍ ടെസ്റ്റില്‍ അതിനേക്കാളേറെ ചര്‍ച്ചയായത് പാക് താരങ്ങള്‍ ധരിച്ച ആപ്പിള്‍ വാച്ചാണ്.
ടെസ്റ്റിന്റെ ആദ്യ ദിനം പാക് താരങ്ങള്‍ ആപ്പിള്‍ വാച്ച് ധരിച്ച് കളിക്കാനിറങ്ങി. തുടര്‍ന്ന് ഐ.സി.സി.യുടെ അഴിമതി വിരുദ്ധ ഉദ്യോഗസ്ഥരെത്തി പാക് താരങ്ങളോട് വാച്ച് അഴിച്ചുവെച്ച ശേഷം കളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ആശയവിനിമയ സാധ്യതയുള്ള ഒരുപകരണവും കളിക്കിടയില്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് ഐ.സി.സിയുടെ നിയമമുണ്ട്. സ്മാര്‍ട്ട് വാച്ചുകള്‍ ഗ്രൗണ്ടില്‍ വിലക്കിയിട്ടില്ലെങ്കിലും അതിലെ എല്ലാ ഫീച്ചറുകളും പ്രവര്‍ത്തനരഹിതമാക്കണമെന്നുണ്ട്.
പാകിസ്താന്റെ രണ്ടു താരങ്ങള്‍ വാച്ചുപയോഗിച്ചെന്നാണ് റിപ്പോര്‍ട്ട്. അഴിമതി വിരുദ്ധ ഉദ്യോഗസ്ഥരെത്തി വാച്ച് ഊരിവെയ്ക്കണമെന്ന് പറഞ്ഞെന്നും അതനുസരിച്ചെന്നും പാക് പേസ് ബൗളര്‍ ഹസ്സന്‍ അലി വ്യക്തമാക്കി.
ആപ്പിള്‍ വാച്ചുകള്‍ ഫോണുമായി ബന്ധിപ്പിച്ചവയാണെന്നും ഫോണിന്റെ എല്ലാ ഉപയോഗങ്ങളും ആപ്പിള്‍ വാച്ചിലൂടെ സാധ്യമാകുമെന്നതിനാലുമാണ് വാച്ചുപേക്ഷിക്കാന്‍ പറഞ്ഞതെന്നും ഐ.സി.സി വിശദീകരിച്ചു.
Content Higlights: ICC bars Pakistan players from wearing Apple smart watches during play