
Photo: twitter.com/cricbuzz
ഹരാരെ: മുന്‍ സിംബാബ്വെ ക്യാപ്റ്റന്‍ ബ്രെണ്ടന്‍ ടെയ്ലര്‍ക്ക് മൂന്നര വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി).
വാതുവെയ്പ്പുകാര്‍ സമീപിച്ചത് ഐസിസിയെ അറിയിക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് താരത്തിനെതിരേ നടപടിയെടുത്തത്. 2025 ജൂലായ് 28 വരെയാണ് താരത്തെ വിലക്കിയിരിക്കുന്നത്.
ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടത്തിന്റെ ലംഘനം ടെയ്ലര് സമ്മതിച്ചിട്ടുണ്ടെന്നും ഐസിസി ഉത്തേജക വിരുദ്ധ ചട്ടത്തിന്റെ ലംഘനവും താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെന്നും ഐസിസി വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.
ഐസിസി അഴിമതി വിരുദ്ധ ചട്ടത്തിന്റെ 2.4.2, 2.4.3, 2.4.4, 2.4.7 എന്നീ വകുപ്പുകളുടെ ലംഘനമാണ് ടെയ്ലര്‍ക്കെതിരേ ആരോപിക്കപ്പെട്ടിട്ടുള്ളത്.
ദിവസങ്ങള്‍ക്കു മുമ്പ് ഇക്കാര്യം ടെയ്ലര് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. 2019 ഒക്ടോബറില്‍ സിംബാബ്വെയില് ഒരു ട്വന്റി 20 ക്രിക്കറ്റ് ലീഗ് ആരംഭിക്കുന്നതിന്റെ സ്പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യന്‍ വ്യവസായി തന്നെ സമീപിച്ചുവെന്നും തനിക്ക് 15,000 ഡോളര്‍ ഓഫര്‍ ചെയ്തെന്നുമായിരുന്നു താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ വെളിപ്പെടുത്തിയത്.
തുടര്‍ന്ന് അയാളുമായി ഒന്നിച്ച് മദ്യപിച്ചുവെന്നും കൊക്കെയ്ന്‍ ഓഫര്‍ ചെയ്തപ്പോള്‍ അത് ഉപയോഗിച്ചുവെന്നും താരം പറഞ്ഞു. അടുത്ത ദിവസം ഇതേയാളുകള്‍ വന്ന് താന്‍ കൊക്കെയ്ന്‍ ഉപയോഗിക്കുന്ന വീഡിയോ കാണിച്ച് ഒത്തുകളിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും ടെയ്ലര് പറയുന്നു.
തുടര്‍ന്ന് 15,000 ഡോളര്‍ നല്കി. ഇന്ത്യയില്‍ നിന്ന് എത്രയും പെട്ടെന്ന് നാട്ടിലെത്താന്‍ വേണ്ടി ഈ തുക വാങ്ങിയതായും തന്റെയും തന്റെ കുടുംബത്തിന്റെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇക്കാര്യം ഇതുവരെ പറയാതിരുന്നതെന്നും ടെയ്ലര് പ്രസ്താവനയില്‍ വ്യക്തമാക്കി.
അതിനു ശേഷം നാലു മാസം കഴിഞ്ഞാണ് താന്‍ ഇക്കാര്യം ഐസിസിയെ അറിയിച്ചതെന്നും താരം വെളിപ്പെടുത്തിയിരുന്നു. പണം വാങ്ങിയെങ്കിലും താന്‍ യാതൊരു തരത്തിലും ഒത്തുകളിച്ചിട്ടില്ലെന്നും ടെയ്ലര് പറഞ്ഞിരുന്നു.
Content Highlights: icc banned former zimbabwe captain brendan taylor for spot-fixing
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..