ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി | Photo by Nathan Stirk|Getty Images
ദുബായ്: കഴിഞ്ഞ ദശാബ്ദത്തിലെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള സര് ഗാരിഫീല്‍ഡ് സോബേഴ്സ് പുരസ്കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക്. തിങ്കളാഴ്ചയാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഇതിനൊപ്പം ഐ.സി.സിയുടെ ദശാബ്ദത്തിലെ മികച്ച ഏകദിന ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ടതും കോലി തന്നെ.
ഇക്കഴിഞ്ഞ ദശകത്തില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലുമായി 56.97 ശരാശരിയില്‍ 20,396 റണ്‍സും 66 സെഞ്ചുറികളും 94 അര്‍ധ സെഞ്ചുറികളുമാണ് കോലി സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. ഏകദിനത്തില്‍ മാത്രം 61.83 ശരാശരിയില്‍ പതിനായിരത്തിലേറെ റണ്‍സും 39 സെഞ്ചുറികളും 48 അര്‍ധ സെഞ്ചുറികളും കോലി സ്വന്തമാക്കിയിട്ടുണ്ട്.
ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്താണ് ദശാബ്ദത്തിലെ മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്ത് ടെസ്റ്റില്‍ 65.79 ശരാശരിയില്‍ 7040 റണ്‍സാണ് സ്മിത്തിന്റെ സമ്പാദ്യം. 26 സെഞ്ചുറികളും 28 അര്‍ധ സെഞ്ചുറികളും ഇക്കാലയളവില്‍ താരം അടിച്ചുകൂട്ടിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് ഐ.സി.സിയുടെ ദശാബ്ദത്തിലെ മികച്ച ട്വന്റി 20 താരം. കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലത്തിനിടെ ട്വന്റി 20-യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ റാഷിദിന്റെ പേരിലാണ്.
തന്റെ എതിരാളികളെയെല്ലാം ബഹുദൂരം പിന്നിലാക്കി ഈ പതിറ്റാണ്ടിലെ ക്രിക്കറ്റിനെ അടക്കി ഭരിച്ച താരമാണ് കോലി. ടെസ്റ്റ് എന്നോ ഏകദിനമെന്നോ ട്വന്റി 20-യെന്നോ വൈറ്റ് ബോളെന്നോ റെഡ് ബോളെന്നോ പിങ്ക് ബോളെന്നോ വ്യത്യാസമില്ലാതെ യഥേഷ്ടം റണ്‍സടിച്ചുകൂട്ടിയ ഒരാള്‍. കഴിഞ്ഞ 10 വര്‍ഷം ക്രിക്കറ്റ് ലോകത്തെ വിരാട് കോലിയോളം അടക്കിഭരിച്ച മറ്റൊരു താരമുണ്ടോ എന്ന് സംശയമാണ്.
ക്രിക്കറ്റിലെ ഈ പതിറ്റാണ്ടിന്റെ അവകാശി കോലിയാണെന്ന് നിസ്സംശയം തന്നെ പറയാം. രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി ഒരു പതിറ്റാണ്ടിനുള്ളില്‍ 20,000 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന സമാനതകളില്ലാത്ത നേട്ടം കോലി സ്വന്തമാക്കിയത് 2019-ലാണ്. ഏകദിന ലോകകപ്പില്‍ വിന്‍ഡീസിനെതിരായ മത്സരത്തിലാണ് കോലി ഈ നേട്ടം പിന്നിട്ടത്.
ഒരു പതിറ്റാണ്ടിനുള്ളില്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന മുന്‍ ഓസീസ് താരം റിക്കി പോണ്ടിങ്ങിന്റെ റെക്കോര്‍ഡ് നേരത്തേതന്നെ കോലി സ്വന്തം പേരിലാക്കിയിരുന്നു. ഈ പട്ടികയില്‍ രണ്ടാമതുള്ള പോണ്ടിങ്ങിന്റെ സമ്പാദ്യം 18,962 റണ്‍സാണ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസ് (16,777), ശ്രീലങ്കന്‍ താരങ്ങളായ മഹേള ജയവര്‍ധനെ (16,304), കുമാര്‍ സംഗക്കാര (15,999), സച്ചിന് തെണ്ടുല്‍ക്കര്‍ (15962), രാഹുല്‍ ദ്രാവിഡ് (15,853), ഹാഷിം അംല (15,185) എന്നിവരെല്ലാം കോലിക്കു പിന്നിലാണ്.
ഇതോടൊപ്പം ചരിത്രത്തില്‍ ആദ്യമായി ഒരേ വര്‍ഷം ഐ.സി.സിയുടെ എല്ലാ വ്യക്തിഗത പുരസ്കാരങ്ങളും സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടവും കോലിയെ തേടിയെത്തിയിരുന്നു. 2018-ലെ ഐ.സി.സിയുടെ പ്ലെയര്‍ ഓഫ് ദ ഇയര്‍ (സര് ഗാര്‍ഫീല്‍ഡ് സോബേഴ്സ് ട്രോഫി), ഏകദിന-ടെസ്റ്റ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരങ്ങള്‍ കോലിക്കായിരുന്നു.
ഇതോടൊപ്പം കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തി ഐ.സി.സി തിരഞ്ഞെടുത്ത മൂന്ന് ഫോര്‍മാറ്റിലെ ലോക ഇലവനില്‍ ഉള്‍പ്പെട്ട ഏക താരവും കോലിയാണ്. ടെസ്റ്റ് ടീമിന്റെ നായകനായി ഐ.സി.സി തിരഞ്ഞെടുത്തതും കോലിയെ തന്നെ.
Content Highlights: ICC Awards Virat Kohli wins Award for Male Cricketer of the Decade
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..