Photo: AFP, ANI
ദുബായ്: ഐസിസിയുടെ 2021-ലെ മികച്ച് ടെസ്റ്റ് ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന്. പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് മികച്ച ഏകദിന താരം.
ന്യൂസീലന്‍ഡ് താരം കൈല്‍ ജാമിസണ്‍, ശ്രീലങ്കയുടെ ദിമുത് കരുണരത്‌നെ, ഇന്ത്യയുടെ ആര്‍. അശ്വിന്‍ എന്നിവരെ പിന്തള്ളിയാണ് റൂട്ട് ഇത്തവണ പുരസ്‌കാരം സ്വന്തമാക്കിയത്.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റില്‍ 1700 റണ്‍സ് നേടുന്ന മൂന്നാമത്തെ മാത്രം താരമെന്ന നേട്ടം റൂട്ട് സ്വന്തമാക്കിയത് പോയ വര്‍ഷമാണ്. വെസ്റ്റിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സും പാകിസ്താന്റെ മുഹമ്മദ് യൂസഫും മാത്രമാണ് റൂട്ടിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളവര്‍.
2021-ല്‍ 15 ടെസ്റ്റില്‍ നിന്ന് ആറ് സെഞ്ചുറികളടക്കം 1708 റണ്‍സാണ് റൂട്ട് സ്‌കോര്‍ ചെയ്തത്. പന്തെടുത്ത റൂട്ട് കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ 14 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
അതേസമയം 2021-ലെ മികച്ച ഏകദിന ക്രിക്കറ്റ് താരമായി തിരഞ്ഞെടുക്കപ്പെട്ടത് പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ്. ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസന്‍, ദക്ഷിണാഫ്രിക്കയുടെ ജാന്നെമന്‍ മലാന്‍, അയര്‍ലന്‍ഡിന്റെ പോള്‍ സ്‌റ്റെര്‍ലിങ് എന്നിവരെ മറികടന്നാണ് ബാബറിന്റെ നേട്ടം.
പാകിസ്താനു വേണ്ടി രണ്ടു പരമ്പരകളിലായി ആറ് ഏകദിനങ്ങള്‍ മാത്രമാണ് ബാബര്‍ 2021-ല്‍ കളിച്ചത്. 67.50 ശരാശരിയില്‍ രണ്ടു സെഞ്ചുറികളടക്കം 405 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.
Content Highlights: icc awards babar azam named odi cricketer of the year joe root in tests
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..