Photo: twitter.com
ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ വിജയികള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി.
വിജയികള്‍, റണ്ണേഴ്‌സ് അപ്പ് എന്നിവരുള്‍പ്പെടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ ഒമ്പത് ടീമുകള്‍ക്കും കൂടിയുള്ള പ്രതിഫലവും ഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഫല തുക 2019-21 ചാമ്പ്യന്‍ഷിപ്പില്‍ നല്‍കിയതില്‍ നിന്നും മാറ്റമില്ലെന്ന് ഐസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
3.8 ദശലക്ഷം ഡോളാണ് (ഏകദേശം 32 കോടിയോളം രൂപ) ഒമ്പത് ടീമുകള്‍ക്കുമായി പങ്കിട്ട് നല്‍കുക. ഫൈനലില്‍ വിജയിക്കുന്ന ടീമിന് 1.6 ദശലക്ഷം ഡോളര്‍ (ഏകദേശം 13.21 കോടി രൂപ) ലഭിക്കും. റണ്ണേഴ്‌സ് അപ്പിന് എട്ട് ലക്ഷം ഡോളറാണ് (ഏകദേശം 6.61 കോടി രൂപ) സമ്മാനത്തുക.
ജൂണ്‍ ഏഴിന് ലണ്ടനിലെ കെന്നിങ്ടണ്‍ ഓവലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ് ഇത്തവണത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. കഴിഞ്ഞ വര്‍ഷം പക്ഷേ ന്യൂസീലന്‍ഡിനോട് ഫൈനലില്‍ തോല്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി.
അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ മൂന്നാമതെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് 450000 ഡോളര്‍ (ഏകദേശം 3.71 കോടി രൂപ) ലഭിക്കും. നാലാമതുള്ള ഇംഗ്ലണ്ടിന് 3,50000 ഡോളറാണ് (2.89 കോടി രൂപ) കിട്ടുക. അഞ്ചാമതുള്ള ശ്രീലങ്കയ്ക്ക് 2,00000 ഡോളര്‍ (1.65 കോടി രൂപ) ലഭിക്കും.
ശേഷിക്കുന്ന ന്യൂസീലന്‍ഡ്, പാകിസ്താന്‍, വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ് ടീമുകള്‍ക്ക് ഒരു ലക്ഷം ഡോളര്‍ (ഏകദേശം 82 ലക്ഷം രൂപ) വീതം ലഭിക്കും.
Content Highlights: ICC announces prize money for World Test Championship 2021-23 cycle
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..