ദുബായ്: പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അടുത്ത മാസം നടക്കാനിരിക്കെ മത്സരത്തിന്റെ നിയമാവലിയും വ്യവസ്ഥകളും പുറത്തിറക്കി ഐ.സി.സി. സതാംടണില്‍ ഇന്ത്യയും ന്യൂസീലന്‍ഡുമാണ് കലാശപ്പോരിനിറങ്ങുന്നത്.

ജൂണ്‍ 18 മുതല്‍ 22 വരെ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ എന്തെങ്കിലും കാരണവശാല്‍ സമയനഷ്ടമുണ്ടായാല്‍ ജൂണ്‍ 23-ലെ റിസര്‍വ് ഡേയിലേക്ക് മത്സരം നീളും.

മത്സരം സമനിലയിലായാലോ ടൈ ആയാലോ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുമെന്നും ഐ.സി.സി വ്യക്തമാക്കി.

ഫൈനല്‍ മത്സരത്തിന് അഞ്ച് ദിവസവും സമ്പൂര്‍ണ സെഷനുകളും ഉറപ്പാക്കാന്‍ വേണ്ടിയാണ് റിസര്‍വ് ദിനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉണ്ടാകുന്ന സമയനഷ്ടം പരിഹരിക്കാന്‍ അഞ്ചു ദിവസവും അനുവദിച്ചിരിക്കുന്ന അധികസമയം തികയാതെ വന്നാല്‍ മാത്രമേ റിസര്‍വ് ദിനം ഉപയോഗിക്കൂ. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രഖ്യാപിച്ച 2018-ല്‍ പുറത്തിറക്കിയ നിയമാവലികള്‍ തന്നെയാണ് ഐ.സി.സി ഇപ്പോഴും പിന്തുടരുന്നത്.

റിസര്‍വ് ദിനം ഉപയോഗിക്കേണ്ട സാഹചര്യം വന്നാല്‍ ഐ.സി.സി മാച്ച് റഫറി ഇക്കാര്യം ഇരു ടീമുകളേയും മാധ്യമങ്ങളേയും അറിയിക്കും.

Content Highlights: ICC Announces Playing Conditions For World Test Championship Final