ലണ്ടന്‍: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി) കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമാവാന്‍ ഒരുങ്ങി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്. ഈ മാസം തൊട്ടാണ് 'ഐ.സി.സി പ്ലേയര്‍ ഓഫ് ദ മന്ത്' എന്ന പുരസ്‌കാരം നല്‍കാന്‍ ആരംഭിക്കുന്നത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് ഋഷഭ് പന്ത് കഴിഞ്ഞ മാസത്തെ മികച്ച താരമാവാനുള്ള നോമിനേഷനില്‍ ഇടം നേടിയത്. പുരുഷ താരത്തിനും വനിതാ താരത്തിനും അവാര്‍ഡ് സമ്മാനിക്കും.

ജനുവരി മാസത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളെയാണ് തെരെഞ്ഞെടുക്കുക. പുരുഷതാരങ്ങളില്‍ ഋഷഭ് പന്തിനെക്കൂടാതെ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്, അയര്‍ലന്‍ഡ് താരം പോള്‍ സ്റ്റിര്‍ലിങ് എന്നിവരും അവസാന മൂന്നില്‍ ഇടം നേടിയിട്ടുണ്ട്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തില്‍ നേടിയ 97 റണ്‍സാണ് പന്തിനെ അവസാന മൂന്നിലെത്തിച്ചത്. ശ്രീലങ്കയ്‌ക്കെതിരേ നടന്ന ടെസ്റ്റ് മത്സരത്തില്‍ റൂട്ട് 228 റണ്‍സും 186 റണ്‍സും നേടി ടീമിനെ വിജയത്തിലെത്തിച്ചിരുന്നു.

കഴിഞ്ഞ മാസം അഫ്ഗാനിസ്താനെതിരായ മൂന്ന് ഏകദിന മത്സരങ്ങളിലും സെഞ്ചുറി നേടിക്കൊണ്ടാണ് സ്റ്റിര്‍ലിങ് പട്ടികയില്‍ ഇടം നേടിയത്. ഏറ്റവും മികച്ച താരത്തെ ഉടന്‍ തന്നെ അറിയാന്‍ സാധിക്കും. വനിതാ താരങ്ങളില്‍ പാകിസ്താന്റെ ഡയാന ബൈഗ്, സൗത്ത് ആഫ്രിക്കയുടെ ഷബ്‌നിം ഇസ്മയില്‍, മറീസന്നെ ക്യാപ്പ് എന്നിവരാണ് മത്സരിക്കുന്നത്.

Content Highlights: ICC announces Player of the Month nominations for January, Rishabh Pant among three candidates in fray