ദുബായ്: രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ മത്സരക്രമവും പോയിന്റ് ഘടനയും പുറത്തുവിട്ട് ഐസിസി. ഒരു ടെസ്റ്റ് വിജയിച്ചാല്‍ 12 പോയിന്റാണ് ലഭിക്കുക. ടൈ ആയാല്‍ ആറു പോയിന്റും സമനില ആകുകയാണെങ്കില്‍ നാല് പോയിന്റും ലഭിക്കും. ലഭിച്ച പോയിന്റുകളുടെ ശതമാനത്തിന്റെ അടിസ്ഥാനത്തിലാകും പോയിന്റ് പട്ടികയിലെ സ്ഥാനം.

രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് 24 പോയിന്റും മൂന്നു ടെസ്റ്റുകളുടെ പരമ്പരയ്ക്ക് 36 പോയിന്റുമാണ് അനുവദിച്ചിരിക്കുന്നത്. നാല് ടെസ്റ്റുകളുണ്ടെങ്കില്‍ 48 പോയിന്റും അഞ്ചു ടെസ്റ്റുകളുണ്ടെങ്കില്‍ 60 പോയിന്റും ലഭിക്കും.

ഓഗസ്റ്റ് നാലിന് ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്‌റ്റോടെയാണ് രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നത്. ഒമ്പത് ടീമുകള്‍ ആറു പരമ്പര വീതം കളിക്കും. മൂന്ന് ഹോം പരമ്പരയും മൂന്നു എവേ പരമ്പരയും. 2023 മാര്‍ച്ച് 31-നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ അവസാന മത്സരം.

കഴിഞ്ഞ തവണ കോവിഡിനെ തുടര്‍ന്ന് ഇടവേള വന്നതിന് ശേഷം പോയിന്റ് ഘടനയില്‍ മാറ്റം വരുത്തിയ് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പോയിന്റ് ഘടന എളുപ്പത്തിലാക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നതായും ഐസിസി ആക്ടിങ് സി.ഇ.ഒ ജെഫ് അല്ലാര്‍ഡൈസ് വ്യക്തമാക്കി.

ഇന്ത്യ ഹോം പരമ്പരയില്‍ ശ്രീലങ്കയേയും ന്യൂസീലന്റിനേയും ഓസ്‌ട്രേലിയയേയും നേരിടും. എവേ പരമ്പരയില്‍ ബംഗ്ലാദേശും ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമാണ് എതിരാളികള്‍. 

Content Highlights: ICC Announces New Points System For Next World Test Championship Cycle