ദുബായ്: ട്വന്റി 20 ക്രിക്കറ്റില്‍ പുതിയ പരിഷ്‌കാരത്തിന് ഉത്തരവിറക്കി ആഗോള ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് പുതിയ രീതിയിലുള്ള പിഴ നടപ്പിലാക്കുമെന്ന് ഐ.സി.സി അറിയിച്ചു. 

പുതിയ നിയമപ്രകാരം അന്താരാഷ്ട്ര  ട്വന്റി 20 മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്ക് വരുത്തുന്ന ടീമുകള്‍ക്ക് 30 യാര്‍ഡ് സര്‍ക്കിളിന് പുറത്ത് നില്‍ക്കുന്ന ഫീല്‍ഡര്‍മാരിലൊരാളെ പിന്‍വലിക്കേണ്ടിവരും. ബൗണ്ടറി ലൈനില്‍ ഒരു ഫീല്‍ഡറില്ലാതെ ഇന്നിങ്‌സ്‌ പൂര്‍ത്തീകരിക്കുകയും വേണം. റണ്‍മഴ പെയ്യുന്ന ട്വന്റി 20 യില്‍ 30 യാര്‍ഡ് സര്‍ക്കിളിന് പുറത്ത് ഒരു ഫീല്‍ഡറെ പിന്‍വലിക്കേണ്ടിവന്നാല്‍ ബൗളിങ് ടീമിന്റെ പ്രകടനത്തെ ഇത് പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് ഭാവിയില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഗണ്യമായ കുറവുണ്ടാകുമെന്ന് ഐ.സി.സി കണക്കുകൂട്ടുന്നു. ഐ.സി.സിയുടെ പുതിയ തീരുമാനം എല്ലാ ക്രിക്കറ്റ് സംഘടനകളും സ്വാഗതം ചെയ്തു. 

പുതിയ പരിഷ്‌കാരത്തിന് പുറമേ കുറഞ്ഞ ഓവര്‍ നിരക്കിന് ഫീല്‍ഡിങ് ടീം പിഴ നല്‍കുകയും വേണം.അതോടൊപ്പം ഡ്രിങ്ക്‌സ് ബ്രേക്കിന് പ്രത്യേക സമയം അനുവദിക്കാനും തീരുമാനമായി. ഓരോ ഇന്നിങ്‌സും പകുതിയാകുമ്പോള്‍ അതായത് പത്തോവര്‍ പിന്നിടുമ്പോള്‍ ഡ്രിങ്ക്‌സ് ബ്രേക്കിന് സമയം നല്‍കും. രണ്ടര മിനിറ്റ് സമയമാണ് അനുവദിച്ചിരിക്കുന്നത്. 

പുതിയ തീരുമാനങ്ങള്‍ അടുത്ത അന്താരാഷ്ട്ര ട്വന്റി 20 മത്സരം മുതല്‍ നടപ്പാക്കുമെന്ന് ഐ.സി.സി അറിയിച്ചു. ജനുവരി 16 ന് നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ്-അയര്‍ലന്‍ഡ് ട്വന്റി 20 മത്സരത്തോടെ പുതിയ നിയമം പ്രാബല്യത്തില്‍ വരും. വനിതാ ക്രിക്കറ്റിലും നിയമം ബാധകമാണ്. 

Content Highlights: ICC Announces Massive 'In-Match Penalty' For Slow Over-Rates In T20Is