ദുബായ്: ട്വന്റി-20 ലോകകപ്പിന് പിന്നാലെ ടൂര്‍ണമെന്റിന്റെ ടീമിനെ പ്രഖ്യാപിച്ച് ഐസിസി. പ്ലെയിങ് ഇലവനും ഒരു റിസര്‍വ് താരവും അടങ്ങുന്ന ടീമില്‍ ഒരു ഇന്ത്യന്‍ താരം പോലും ഇടം പിടിച്ചില്ല. കമന്റേറ്റര്‍മാരായ ഇയാര്‍ ബിഷപ്, നതാലി ജെര്‍മാനോസ്, ഷെയ്ന്‍ വാട്‌സണ്‍, മാധ്യമപ്രവര്‍ത്തകരായ ലോറെന്‍സ് ബൂത്ത്, ഷഹീദ് ഹാഷ്മി എന്നിവര്‍ അടങ്ങുന്ന സെലക്ഷന്‍ പാനലാണ് ടീമിനെ തിരഞ്ഞെടുത്തത്.

കിരീടം നേടിയ ഓസ്‌ട്രേലിയയില്‍ നിന്ന് മൂന്നു പേര്‍, റണ്ണറപ്പുകളായ ന്യൂസീലന്‍ഡില്‍ നിന്ന് ഒരാള്‍, സെമി ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടില്‍ നിന്ന് രണ്ട്, പാകിസ്താനില്‍ നിന്ന് ഒന്ന്, സൂപ്പര്‍ 12-ല്‍ പുറത്തായ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളില്‍ നിന്ന് രണ്ടു പേര്‍ വീതവും ലോകടീമില്‍ ഇടം പിടിച്ചു. 

പാക് താരം ബാബര്‍ അസമാണ് ടീം ക്യാപ്റ്റന്‍. പരമ്പരയുടെ താരമായ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാബര്‍ അസം, ലങ്കന്‍ യുവതാരം ചരിത് അസലങ്ക, ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം എന്നിവരാണ് ടീമിലെ മറ്റു ബാറ്റര്‍മാര്‍. 

ടൂര്‍ണമെന്റില്‍ ഓള്‍റൗണ്ട് പ്രകടനവുമായി തിളങ്ങിയ ഇംഗ്ലീഷ് താരം മോയിന്‍ അലി, വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതുള്ള ലങ്കയുടെ വാനിന്‍ഡു ഹസരംഗ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. ഓസ്‌ട്രേലിയയുടെ ആദം സാംപ, ജോഷ് ഹെയ്‌സല്‍വുഡ്, ന്യൂസീലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട്, ദക്ഷിണാഫ്രിക്കയുടെ ആന്റിച് നോര്‍ദ്യെ എന്നിവരാണ് ടീമിലെ ബൗളര്‍മാര്‍. പാക് പേസ് ബൗളര്‍ ഷഹീന്‍ അഫ്രീദിയാണ് റിസര്‍വ് താരം.

 

Content Highlights: ICC announces best XI of T20 World Cup 2021 Babar Azam named skipper