മെല്‍ബണ്‍: കാന്‍സര്‍ രോഗവുമായുള്ള പോരാട്ടത്തിലായിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഇയാന്‍ ചാപ്പല്‍.

75-കാരനായ ചാപ്പല്‍ ഏതാനും വര്‍ഷങ്ങളായി സ്‌കിന്‍ കാന്‍സറിന്റെ പിടിയിലായിരുന്നു. എന്നാല്‍ അഞ്ചാഴ്ച നീണ്ട തീവ്രമായ റേഡിയേഷന്‍ തെറാപ്പിയിലൂടെ തോള്‍, കഴുത്ത്, കക്ഷം എന്നിവിടങ്ങളിലെ ചര്‍മത്തെ ബാധിച്ച കാന്‍സര്‍ നീക്കം ചെയ്തതായും അദ്ദേഹം അറിയിച്ചു.

1964 - 1980 കാലഘട്ടത്തില്‍ ഓസീസിനായി 75 ടെസ്റ്റുകള്‍ കളിച്ച ചാപ്പല്‍ അടുത്ത മാസം ആരംഭിക്കുന്ന ആഷസ് പരമ്പരയില്‍ കമന്റേറ്ററായി എത്താനുള്ള തയ്യാറെടുപ്പിലാണ്. ഇതിനാല്‍ തന്നെ ഇപ്പോള്‍ പാത്തോളജി റിപ്പോര്‍ട്ടിനായുള്ള കാത്തിരിപ്പിലാണ് ചാപ്പല്‍.

അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും മാത്രമേ രോഗാവസ്ഥയെ കുറിച്ച് അറിവുണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അവരുടെ പിന്തുണകൊണ്ടാണ് ജീവിതത്തിലേക്ക് തിരിച്ചെത്താനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Ian Chappell diagnosed with skin cancer