Photo: PTI
മുംബൈ: ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ഇത്തവണയും ക്രിക്കറ്റുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ ചര്‍ച്ചയായത് മുംബൈ ബാറ്റര്‍ സര്‍ഫറാസ് ഖാനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്ന സെലക്ടര്‍മാരുടെ നടപടിയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ മൂന്ന് സീസണുകളിലായി തുടര്‍ച്ചയായി തിളങ്ങുന്ന സര്‍ഫറാസ് ഇത്തവണയെങ്കിലും ടീമില്‍ ഇടംപിടിക്കുമെന്നായിരുന്നു ഏവരുടെയും വിശ്വാസം. പക്ഷേ ടീം പ്രഖ്യാപിച്ചപ്പോള്‍ താരം ഇത്തവണയും പുറത്ത്.
കഴിഞ്ഞ ഏതാനും നാളുകളായി ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും അധികം അവഗണന നേരിടുന്ന താരമാണ് സര്‍ഫറാസ്. ആഭ്യന്തര ക്രിക്കറ്റില്‍ സര്‍ഫറാസിന്റെ അത്ര റെക്കോഡ് ഇല്ലാത്തവര്‍ പോലും ദേശീയ ടീമില്‍ ഇടംനേടുമ്പോഴാണ് താരം ടീമിന് പുറത്തുനില്‍ക്കുന്നത്.
ഇപ്പോഴിതാ ടീം പ്രഖ്യാപനം വന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ടീമിനെ പ്രഖ്യാപിച്ച അന്ന് രാത്രി തനിക്ക് ഉറങ്ങാനായില്ലെന്നാണ് താരം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ടീമിലെത്താത്തതില് നിരാശയുണ്ടെങ്കിലും താന്‍ വിഷാദത്തിലേക്ക് പോകില്ലെന്നും പരിശീലനം ഉപേക്ഷിക്കില്ലെന്നും സര്‍ഫറാസ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
''ഞാന്‍ പോകുന്നിടത്തെല്ലാം ആളുകള്‍ അവന് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അര്‍ഹതയുണ്ടെന്ന് പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്. എന്നെ ടീമിലെടുക്കാത്തതിനെ കുറിച്ചുള്ള ആയിരക്കണക്കിന് മെസേജുകളാണ് സോഷ്യല്‍ മീഡിയയില്‍ എനിക്ക് ലഭിക്കുന്നത്. നിന്റെ സമയം വരുമെന്ന് എല്ലാവരും പറയുന്നു. ആ ദിവസം ടീം സെലക്ഷനു പിന്നാലെ ഞാന്‍ അസമില്‍ നിന്ന് ഡല്‍ഹിയിലേക്കെത്തി. ആ രാത്രി എനിക്ക് ഉറങ്ങാനായില്ല. എന്തുകൊണ്ടാണ് ടീമില്‍ ഇല്ലാത്തതെന്ന് ഞാന്‍ സ്വയം ചോദിച്ചുകൊണ്ടിരുന്നു. ഒരിക്കലും പരിശീലനം ഞാന്‍ മുടക്കില്ല. വിഷാദത്തിലേക്ക് പോകില്ല. പേടിക്കണ്ട, ഞാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും.'' - സര്‍ഫറാസ് പറയുന്നു.
2019-20 രഞ്ജി സീസണില്‍ 154.66 ശരാശരിയില്‍ 928 റണ്‍സും 2020-21 സീസണില്‍ 122.75 ശരാശരിയില്‍ 982 റണ്‍സും നിലവിലെ സീസണില്‍ 89.00 ശരാശരിയില്‍ 801 റണ്‍സും സര്‍ഫറാസ് അടിച്ചുകൂട്ടിയിട്ടുണ്ട്. ഇക്കാലയളവില്‍ കളിച്ച 22 ഫസ്റ്റ് ക്ലാസ് ഇന്നിങ്സുകളില്‍ നിന്നായി 134.624 ശരാശരിയില്‍ 2289 റണ്‍സാണ് സര്‍ഫറാസ് നേടിയിരിക്കുന്നത്. അഞ്ച് അര്‍ധ സെഞ്ചുറികളും ഒമ്പത് സെഞ്ചുറികളും രണ്ട് ഇരട്ട സെഞ്ചുറികളും ഒരു ട്രിപ്പിള്‍ സെഞ്ചുറിയും ഇക്കാലയളവില്‍ താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സര്‍ഫറാസിന്റെ ബാറ്റിങ് ശരാശരി 80-ന് മുകളിലെത്തി. ഇതോടെ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന് ശേഷം ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരവുമെന്ന നേട്ടവും സര്‍ഫറാസ് സ്വന്തമാക്കിയിരുന്നു.
Content Highlights: I wasn t able to sleep Sarfaraz on India selection snub
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..