Photo: ANI
ബെംഗളൂരു: മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് വാചാലനായി വിരാട് കോലി. കളിച്ചിരുന്ന കാലത്ത് താന്‍ എന്നും ധോനിയുടെ വലംകൈ ആയിരുന്നുവെന്ന് കോലി പറഞ്ഞു. ഐപിഎല്‍ ഫ്രാഞ്ചൈസി ആര്‍സിബിയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു കോലി.
2008 മുതല്‍ 2019 വരെ ധോനിക്കൊപ്പം ഡ്രസ്സിങ് റൂം പങ്കിട്ടയാളാണ് കോലി. ധോനിയില്‍ നിന്നും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാനും കോലിക്ക് സാധിച്ചു.
''എനിക്കും എം.എസിനും (ധോനി) ഇടയില്‍ അക്കാലത്ത് യാതൊരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ല. അദ്ദേഹം എന്നെ ഒരു തരത്തില്‍ അദ്ദേഹത്തിന്റെ ചിറകുകള്‍ക്ക് കീഴിലാക്കി. 2012 മുതല്‍ അദ്ദേഹത്തില്‍ നിന്ന് നിന്ന് നായകസ്ഥാനം ഏറ്റെടുക്കാന്‍ പോകുന്ന ഒരു വ്യക്തിയെന്ന നിലയില്‍ അദ്ദേഹം എന്നെ ഗ്രൂം ചെയ്തു. ഞാനായിരുന്നു അദ്ദേഹത്തിന്റെ വൈസ് ക്യാപ്റ്റന്‍. ഫീല്‍ഡില്‍ നമുക്ക് എന്തുചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ച് ഞാന്‍ അദ്ദേഹവുമായി എപ്പോഴും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഞാന്‍ എപ്പോഴും അദ്ദേഹത്തിന്റെ വലംകൈ ആയിരുന്നു. കളിയെ കുറിച്ച് മനസിലാക്കാന്‍ ഞാന്‍ എപ്പോഴും കൂടെയുണ്ടായിരുന്നു, ടീമിനായി ധാരാളം മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കാനായിരുന്നതിനാല്‍ എനിക്ക് ആത്മവിശ്വാസവും ലഭിച്ചു.'' - കോലി പറഞ്ഞു.
''ഫീല്‍ഡില്‍ ഞാനും അദ്ദേഹത്തിന് ധാരാളം കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുമായിരുന്നു. വെറും ഒരു സ്ഥലത്ത് ഫീല്‍ഡ് ചെയ്ത് പന്ത് തിരികെ എറിഞ്ഞുകൊടുക്കുന്ന ഒരാളായിരുന്നില്ല ഞാന്‍. കളി മുറുകുമ്പോള്‍ ഞാന്‍ എപ്പോഴും അദ്ദേഹത്തിന്റെ അടുത്തേക്ക് പോകുമായിരുന്നു. ഞാനൊരിക്കലും സ്‌കോര്‍ ബോര്‍ഡില്‍ മാത്രം നോക്കിയിരുന്നില്ല. പിച്ച് എങ്ങനെയാണെന്നും സാഹചര്യങ്ങള്‍ എങ്ങനെയാണെന്നും ഒരു കൂട്ടുകെട്ട് പൊളിക്കാന്‍ എന്തുചെയ്യാം തുടങ്ങിയ കാര്യങ്ങളെല്ലാം ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിനത് (ധോനിക്ക്) വളരെ നേരത്തെ തന്നെ മനസ്സിലായി.'' - കോലി ചൂണ്ടിക്കാട്ടി.
ഇതെല്ലാം കൊണ്ടാണ് പിന്നീട് ടീം ധോനിയില്‍ നിന്നും ഇന്ത്യയുടെ ക്യാപ്റ്റന്‍സിയുടെ തന്നിലേക്കുള്ള കൈമാറ്റം വളരെ സുഗമമായതെന്നും കോലി വ്യക്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ധോനി എങ്ങനെ നയിച്ചു എന്നതിലും ഇത്രയും കാലം എങ്ങനെ കളിച്ചു എന്നതിലും തനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ടെന്നും കോലി കൂട്ടിച്ചേര്‍ത്തു.
ഇതോടൊപ്പം കരിയറിലെ മോശം ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ഭാര്യ അനുഷ്‌ക ശര്‍മയ്ക്കു പുറമെ ആത്മാര്‍ഥ പിന്തുണയുമായി തനിക്ക് കരുത്ത് നല്‍കിയത് ധോനിയാണെന്നും കോലി വെളിപ്പെടുത്തി.
Content Highlights: I was always MS Dhoni s right-hand man says Virat Kohli
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..