ക്രിക്കറ്റിനിടയില്‍ എതിരാളികളെ മാനസികമായി തളര്‍ത്തുന്നതിനായി തെറിവളി നടത്തുന്നതില്‍ പണ്ടേ പ്രശസ്തരാണ് ഓസ്‌ട്രേലിയന്‍ ടീം. 1990കളുടെ അവസാനത്തിലും 2000ത്തിന്റെ ആദ്യത്തിലുമുള്ള ഓസ്‌ട്രേലിയന്‍ ടീമായിരുന്നു സ്ലഡ്ജിങ്ങില്‍ മുമ്പന്‍മാര്‍. ആ കാലഘട്ടത്തില്‍ ഓസീസ് ടീമിലെ പ്രധാന ബൗളര്‍മാരിലൊരാളായിരുന്ന ഗ്ലെന്‍ മഗ്രാത്തും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ലായിരുന്നു.
എന്നാല്‍ മറ്റൊരു താരത്തിനെതിരെ സ്ലഡിജ്ങ് ആരോപണവുമായി മഗ്രാത്ത് രംഗത്തെത്തിയിരിക്കുകയാണ്. ക്രിക്കറ്റ് ഇതിഹാസവും കളത്തിനകത്തും പുറത്തും മാന്യനെന്ന് വിളിപ്പേരുമുള്ള സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ തെറി വിളിച്ചിട്ടുണ്ടെന്നാണ് മഗ്രാത്തിന്റെ വെളിപ്പെടുത്തല്‍. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് മഗ്രാത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
''എല്ലാ ടീമും കളിക്കിടെ തെറി വിളിക്കാറുണ്ട്. എന്നാല്‍ ഓസീസ് സ്ലഡ്ജ് ചെയ്യുമ്പോള്‍ മാത്രം അത് വാര്‍ത്തയാകുന്നു. മറ്റു ടീമുകള്‍ ഞങ്ങളെ തെറി വിളിക്കുമ്പോള്‍ ഞങ്ങള്‍ മിണ്ടാതിരിക്കുകയാണ് ചെയ്യാറ്. പക്ഷേ ഓസ്‌ട്രേലിയന്‍ ടീമിലെ ആരെങ്കിലും സ്ലഡ്ജ് ചെയ്താല്‍ മറ്റു ടീമുകള്‍ പരാതിയുമായി രംഗത്തെത്തും'' മഗ്രാത്ത് പറയുന്നു.
വളരെ സത്യസന്ധമായ വഴിയാണ് ഓസ്‌ട്രേലിയയുടേത്. ഞങ്ങള്‍ വളരെ അഭിനിവേശത്തോടെയാണ് ക്രിക്കറ്റ് കളിക്കുന്നത്. ഗ്രൗണ്ടില്‍ തെറി വിളിക്കുമെങ്കിലും കളി കഴിയുമ്പോള്‍ അതെല്ലാം മറന്നിട്ടുണ്ടാകും. അത് ഓസ്‌ട്രേലിയയുടെ സംസ്‌കാരമാണ്'' മഗ്രാത്ത് അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
ഓസ്‌ട്രേലിയന്‍ ടീമിലെ സ്ലഡ്ജിങ്ങിന്റെ ആശാന്‍ മാത്യു ഹെയ്ഡനാണെന്നും ഏറ്റവും ബുദ്ധിപൂര്‍വ്വം കളിക്കുന്ന താരം ഷെയ്ന്‍ വോണാണെന്നും മഗ്രാത്ത് പറയുന്നു. ഇപ്പോഴത്തെ ക്രിക്കറ്റ് പിച്ചുകളെല്ലാം ബാറ്റിങ്ങിന് അനുകൂലമാക്കിയാണ് ഒരുക്കുന്നതെന്നും മഗ്രാത്ത് ആരോപിച്ചു. പണ്ട് പെര്‍ത്തിലും ബ്രിസ്‌ബെയ്‌നിലും പെയ്‌സിനെയും ബൗണ്‍സിനെയും തുണക്കുന്ന പിച്ചായിരുന്നു. മെല്‍ബണും സിഡ്‌നിയും സ്പിന്നിനെ തുണക്കുന്നതും. ഇന്ന് അതെല്ലാം മാറിയെന്നും മഗ്രാത്ത് പറഞ്ഞു.