ദുബായ്: മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണറാകും. തന്നെ ഓപ്പണറുടെ റോളിലാണ് ടീമിലേക്കെടുത്തതെന്ന് കിഷന്‍ പറഞ്ഞു. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ഇക്കാര്യം അറിയിച്ചതെന്നും കിഷന്‍ കൂട്ടിച്ചേര്‍ത്തു. 

' ലോകകപ്പ് ടീമിനുള്ള ഇന്ത്യന്‍ ടീമിലിടം നേടിയതില്‍ അഭിമാനമുണ്ട്. എന്നെ ഓപ്പണറായാണ് പരിഗണിക്കുന്നതെന്ന് വിരാട് ഭായ് പറഞ്ഞു. ഒരു ഘട്ടത്തില്‍ ഫോം നഷ്ടപ്പെട്ട എനിക്ക് എല്ലാ പിന്തുണയും നല്‍കിയത് വിരാട് ഭായിയാണ്. അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് ഞാന്‍ ഫോമിലേക്ക് തിരിച്ചെത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് ആഗ്രഹിക്കുന്നു'-ഇഷാന്‍ കിഷന്‍ പറഞ്ഞു. 

സണ്‍റൈസേഴ്‌സിനെതിരായ അവസാന മത്സരത്തില്‍ തകര്‍ത്തടിച്ച കിഷന്റെ ബാറ്റിങ് മികവിലാണ് മുംബൈ ഇന്ത്യന്‍സ് വിജയം നേടിയത്. പ്ലേ ഓഫിലേക്ക് കടക്കാനായില്ലെങ്കിലും കിഷന്റെ ബാറ്റിങ് ഏവരുടെയും മനം നിറച്ചു. മത്സരത്തില്‍ 32 പന്തുകളില്‍ നിന്ന് 84 റണ്‍സാണ് താരം അടിച്ചെടുത്തത്. 

Content Highlights: I Have Been Selected As Opener in T20 World Cup Squad says Ishan Kishan